Tuesday, March 27, 2012

കാത്തുനിന്ന കെ എസ്‌ ആര്‍ ടി സി ബസ്‌

രണം കെ എസ്‌ ആര്‍ ടി സി ബസുപോലെയാണ്‌. കയറണമെന്ന്‌ ആഗ്രഹിക്കുന്നവന്‌ അതില്‍ കയറാനാവില്ല. ചിലരൊക്കെ ചാടിക്കയറുമെങ്കിലും കൈകാണിക്കുന്നവന്‌ മുന്നില്‍ അത്‌ നിറുത്താറില്ല. വഴിയാത്രക്കാരന്റെയും മുറുക്കാന്‍ കടയില്‍ വാചകമടിച്ചുനില്‍ക്കുന്നവന്റെയും മുന്നില്‍ നിര്‍ത്തുകയും ചെയ്യും. അവന്റെ ജീവനും കൊണ്ടായിരിക്കും തുടര്‍ പ്രയാണം.
ദിനേശന്റെ ചിന്താഗതികള്‍ ഇങ്ങനെയൊക്കെയാണ്‌. തളത്തില്‍ ദിനേദശനല്ല, കണ്ണോത്ത്‌ ദിനേശന്‍. എന്റെ സഹപാഠി. ആള്‍ ചിന്തകനോ വിമര്‍ശകനോ അല്ല. അതിനുവേണ്ട പഠിപ്പും അവനില്ല. ചൂണ്ടിക്കാട്ടാന്‍ കളങ്കങ്ങള്‍ ഏറെ അവനിലുണ്ട്‌. എങ്കിലും അവനെപ്പോലൊരു നിഷ്‌കളങ്കനെ കണ്ടെത്തുക പ്രയാസം.
കുട്ടിക്കാലം മുതലേ അവന്റെ പാത വേറിട്ടതായിരുന്നു. അച്ചുനിരത്തിയ പാഠപുസ്‌തകം കാണാതെ പഠിക്കാന്‍ അവന്‍ തയ്യാറായിട്ടില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളാണ്‌ എന്നും അവന്റെ കൈമുതല്‍. സ്വയം ആര്‍ജിക്കുന്ന ഈ ജ്ഞാനം സഹപാഠികള്‍ക്ക്‌ പകര്‍ന്നുകൊടുക്കലായിരുന്നു അവന്റെ വിനോദം.
സ്വന്തം ജീവിതാനുഭവങ്ങള്‍ ഉത്തരക്കടലാസില്‍ പകര്‍ന്നുവയ്‌ക്കുന്നവന്‌ മാര്‍ക്കുനല്‍കാന്‍ മാത്രമുള്ള ഉദാരമനസ്‌കത അധ്യാപകര്‍ക്കില്ലാതിരുന്നതുകൊണ്ടാവാം, ഓരോ ക്ലാസിലും രണ്ടും മൂന്നും വര്‍ഷത്തെ നിര്‍ബന്ധിത പഠനം അവനുണ്ടായി. അഞ്ചാം ക്ലാസില്‍ നാലാം വര്‍ഷക്കാരനായതോടെ പഠനം നിര്‍ത്തി തൊഴില്‍ രഹിതരുടെ പട്ടികയിലേക്ക്‌ അവനും ചുവടുവച്ചുനീങ്ങി.
പിന്നീട്‌ തൊഴില്‍ തേടിയുള്ള അലച്ചില്‍. കിട്ടിയ ജോലിയിലും അധികകാലം തുടരാന്‍ അവനായില്ല. ആവശ്യത്തിന്‌ വിദ്യാഭ്യാസമില്ലാത്ത, തൊഴില്‍ സ്ഥലത്തും അനുഭവജ്ഞാനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ദിനേശനെ അംഗീകരിക്കാന്‍ മാത്രമുള്ള ഹൃദയവിശാലത ഭൂമി മലയാളത്തില്‍ ഒരു മുതലാളിക്കും ഇല്ലാതെപോയി. അനുഭവജ്ഞാനത്തിനുള്ള ഒരുമാസത്തെ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി തടിതപ്പുകയായിരുന്നു അവര്‍.
സമപ്രായക്കാരെല്ലാം സര്‍ക്കാരിന്റെ അടുത്തൂണ്‍പറ്റുകാരയപ്പോഴും തൊഴില്‍തേടലായിരുന്നു ദിനേശന്റെ ജോലി. ഈ അലച്ചിലുകള്‍ക്കൊടുവിലാണ്‌ തനിക്കൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന മാനസിക വ്യഥ ദിനേശനെ പിടികൂടുന്നത്‌.
അതിന്‌ അവന്‍കണ്ട പരിഹാരം ഓടുന്ന കെ എസ്‌ ആര്‍ ടി സി ബസില്‍ ചാടിക്കയറുകയെന്നതായിരുന്നു. തുടര്‍ന്ന്‌ മൃത്യുവിനെ വരിക്കാനുള്ള ഓരോരോ പരീക്ഷണങ്ങള്‍. പക്ഷേ ഒന്നിനുപുറകേ ഒന്നൊന്നായി എല്ലാ പദ്ധതികളും പൊളിഞ്ഞു. ഈ കഥയും പഴയ സഹപാഠികളായ ഞങ്ങളോട്‌ പറഞ്ഞ്‌ ചിരിച്ചത്‌ ദിനേശന്‍ തന്നെയായിരുന്നു.
ട്രെയിനിനു മുന്നില്‍ തലവയ്‌ക്കലായിരുന്നു ആദ്യപരീക്ഷണം. സമയം രാത്രി 10.30. വേളിയില്‍ റെയില്‍ പാതയ്‌ക്ക്‌ സമീപം അമൃത എക്‌സ്‌പ്രസിന്റെയും കാത്ത്‌ അവന്‍ നിന്നു. അല്‌പസമയങ്ങള്‍ക്കകം അലറിപ്പാഞ്ഞെത്തിയ അമൃത എക്‌സ്‌പ്രസ്‌ തന്നെയും കടന്നുപോകുന്നത്‌ അവന്‍ നെഞ്ചിടിപ്പോടെ നോക്കിനിന്നു. ട്രെയിന്‍ കൂവിയടുക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒരുനിമഷം പേടിച്ചുപോയി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല, പതുക്കെ പാളത്തില്‍നിന്നും മാറിനിന്നു. ``ആ കുന്ത്രാണ്ടത്തിന്റെ വരവുകണ്ടാല്‍തന്നെ മനുഷ്യന്‍ പേടിച്ചുപോവില്ലേ'' എന്നായിരുന്നു ഇതേക്കുറിച്ച്‌ പിന്നീട്‌ ദിനേശന്‍തന്നെ പറഞ്ഞത്‌.
തൂങ്ങിച്ചാകലായിരുന്നു അടുത്ത പദ്ധതി. അര്‍ധരാത്രി അമ്പലപ്പറമ്പിലെ അരയാലില്‍ വലിഞ്ഞുകയറി. കയര്‍കെട്ടി, കഴുത്തില്‍ കുരുക്കിട്ടു. താഴേക്ക്‌ നോക്കിയപ്പോള്‍ ഉള്ളില്‍ ഒരുഭയം. കയറെങ്ങാനും പൊട്ടിയാല്‍...വീണ്‌ കൈയും കാലുമൊടിയും, മാനനഷ്ടം വേറെയും. അങ്ങനെ ആ ശ്രമമും ഉപേക്ഷിച്ചു.
കൂടുതല്‍ സുരക്ഷിതമാര്‍ഗം വിഷംകഴിച്ചു മരിക്കലാണെന്നായിരുന്നു പിന്നീടുള്ള ദിനേശന്റെ കണ്ടുപിടിത്തം. വിഷം വാങ്ങാന്‍ കൈയില്‍ കാശില്ല. ഒടുവില്‍ അടുത്തവീട്ടില്‍നിന്നും സംഘടിപ്പിച്ച എറുമ്പുപൊടിയിലായി അവന്റെ പ്രതീക്ഷകള്‍.
രാത്രി ആരും കാണാതെ കഞ്ഞിയില്‍ കലര്‍ത്തി, വിഷംകൊണ്ട്‌ വയര്‍ നിറച്ചു. പിന്നീട്‌ മുറിയില്‍ കയറി ബസുകാത്തുകിടന്നു. കെ എസ്‌ ആര്‍ ടി സി ബസിന്റെ ഇരമ്പല്‍ അടുത്തടുത്ത്‌ വരുന്നത്‌ അവന്‍ അറിയുന്നുണ്ടായിരുന്നു. ബസ്‌ തൊട്ടടത്ത്‌ എത്തിയെന്ന്‌ തോന്നിയപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌. ഛര്‍ദ്ദിയുടെ രൂപത്തില്‍ കഴിച്ച കഞ്ഞിമുഴുവന്‍ പുറത്തേക്ക്‌. ഛര്‍ദ്ദി നിയന്ത്രിക്കാനാവുന്നില്ലെന്ന കണ്ടതോടെ അവന്‍തന്നെ മുറിക്ക്‌ പുറത്തിറങ്ങി വീട്ടുകാരെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.
ആത്മഹത്യാ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോഴാണ്‌ അവനെ ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചത്‌, സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിയുടെ രൂപത്തില്‍. ഒന്നാം സമ്മാനമായ 50 ലക്ഷത്തില്‍ നികുതിയും കമ്മിഷനുമൊക്കെ കഴിച്ച്‌ 35 ലക്ഷം കൈയില്‍. ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ആ പണം അവന്‍ ശ്രദ്ധയോടെ ചെലവഴിച്ചു. വീട്‌ ഒന്നു പുതുക്കി. ഒപ്പം വീടിനോട്‌ ചേര്‍ന്ന്‌ ഒരു പലചരക്ക്‌ കടയും തുടങ്ങി.
തരക്കേടില്ലാത്ത കച്ചവടം ആത്മഹത്യയില്‍നിന്നും ജീവിതത്തിലേക്ക്‌ കാല്‍മാറ്റിച്ചവിട്ടാന്‍ ദിനേശന്‌ പ്രേരണയായി. ജീവിതമൊന്ന്‌ പച്ചപിടിച്ചുവരുമ്പോഴായിരുന്നു ആ അത്യാഹിതം.
ബ്രേക്ക്‌ പൊട്ടിയെത്തിയ കെ എസ്‌ ആര്‍ ടി സി ബസ്‌, പലചരക്ക്‌ കടയ്‌ക്കകത്തിരുന്ന ദിനേശന്റെ ജീവന്‍ കവര്‍ന്നെടുത്തത്‌.
കടയ്‌ക്കകത്തിരുന്ന അവനെ ബസുകൊണ്ടുപോയി, അവന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോകാനായി ഞാന്‍ രണ്ടുമണിക്കൂറായി ബസ്‌ കാത്തുനില്‍ക്കുന്നു. കെ എസ്‌ ആര്‍ ടി സി ബസിനെ മരണവുമായി അവന്‍ ഉപമിച്ചതിന്റെ അര്‍ഥം ഇപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌. 

Saturday, January 1, 2011

ബാരിക്കേഡ്‌

എനിക്ക്‌ ഒരു ബാരിക്കേഡ്‌ വേണം. ബാരിക്കേഡ്‌ എന്നു പറയുമ്പോള്‍, റോഡ്‌ ബ്ലോക്ക്‌ ചെയ്യാന്‍ പോലീസ്‌ ഉപയോഗിക്കുന്ന, ലോഹനിര്‍മിതമായ വലിയ ബാരിക്കേഡ്‌ എന്നു കരുതണ്ട. അതേ മാതൃകയില്‍തന്നെയുള്ള ചെറിയ ഒരു ബാരിക്കേഡ്‌.
ചെറുതെന്ന്‌ പറയുമ്പോള്‍, ഒരു കൈക്കുമ്പിളില്‍ കൊള്ളാവുന്ന അത്രയും വലിപ്പത്തിലുള്ളത്‌. എന്റെ ഹൃദയത്തിന്‌ ഒരു സുരക്ഷ നല്‍കാനാണ്‌. കൈക്കുമ്പിളില്‍ ഹൃദയം ഉള്‍ക്കൊള്ളുമോയെന്നായിരിക്കും? ഇല്ലതന്നെ. കോട്ടയം അയ്യപ്പാസ്‌ പോലെ, അകത്തേക്ക്‌ കടന്നാല്‍ വിശാല ഷോറും തന്നെയാണവിടവും. എങ്കിലും പുറത്തെക്കാഴ്‌ചയ്‌ക്ക്‌ ഒരു സുരക്ഷിതത്വം വേണമല്ലോ അതിനാണ്‌ ഈ ബാരിക്കേഡ്‌.
ഹൃദയം മുഴുവന്‍ മറയ്‌ക്കണമെന്നില്ല. അതിന്റെ പുറകുവശം മറച്ചാല്‍ മതിയാകും. അടുത്തിടെയായി കിട്ടുന്ന കുത്തൊക്കെ പിന്നില്‍നിന്നാണല്ലോ അതിന്‌ തടയിടാനാണ്‌. മുന്നില്‍നിന്നുള്ള ആക്രമണത്തിനെ പേടിയില്ല. കൈപ്പത്തികളുടെ മറവില്‍ ഹൃദയം ഒളിപ്പിക്കാന്‍ ഞാന്‍ പണ്ടേ വിദഗ്‌ദധനല്ലേ.
ഇപ്പോള്‍ എനിക്ക്‌ വേണ്ടത്‌ ഒരു ബാരിക്കേഡ്‌ മാത്രം. കൈക്കുമ്പിളില്‍ ഒതുങ്ങുന്ന ബാരിക്കേഡ്‌. 

Tuesday, October 20, 2009

ഒരു ഫോളോ അപ്പ്‌

ഇത്‌ കഥയല്ല. പിന്നെ എന്തുകൊണ്ട്‌ ഇവിടെ കുറിക്കുന്നു എന്ന്‌ ചോദിച്ചാല്‍...
ഈ കുറിപ്പിനിവിടെ പ്രസക്തി ഉണ്ട്‌ എന്നാണ്‌ എന്റെ വിശ്വാസം.

നേരത്തെ നല്‍കിയ ഒരു കഥയുടെ ഫോളോ അപ്പ്‌ ആണ്‌ ഈ കുറിപ്പ്‌.

തൊടുന്യായങ്ങള്‍ പറഞ്ഞ്‌ ഉപഭോക്താവിന്‌ ഇന്‍ഷ്വറന്‍സ്‌ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഐ സി ഐ സി ഐ ബാങ്ക്‌ ഒടുവില്‍ കീഴടങ്ങി. 1,12,000 രൂപ ചികിത്സാ ചെലവിനത്തില്‍ ഉപഭോക്താവിന്‌ നല്‍കികൊണ്ട്‌ കോടതിക്കുള്ളിലാണ്‌ ബാങ്ക്‌ പ്രശ്‌നം പരിഹരിച്ചത്‌.
ഐ സി ഐ സി ഐ ബാങ്കിനെതിരായ കേസുകള്‍ മുംബൈയില്‍ മാത്രമേ വിചാരണചെയ്യാവൂവെന്ന ബാങ്ക്‌ അധികൃതരുടെ വാദം തിരുവനന്തപുരത്തെ പെര്‍മനന്റ്‌ ലോക്‌ അദാലത്ത്‌ തള്ളിക്കളഞ്ഞതോടെയാണ്‌ അവര്‍ ഒത്തുതീര്‍പ്പിന്‌ ശ്രമിച്ചത്‌. മുംബൈ കോടതികളില്‍മാത്രമേ കേസ്‌ വിചാരണക്കെടുക്കാവൂവെങ്കില്‍ ഐ സി ഐ സി ഐ ബാങ്കിന്റെ സേവനം അവിടുള്ള ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാക്കാവൂവെന്ന വാദിഭാഗത്തിന്റെ നിലപാട്‌ കോടതി അംഗീകരിക്കുകയായിരുന്നു.


വിശദവിവരങ്ങള്‍ക്ക്‌
അഡ്വ. ശ്രീജ ശശിധരനുമായി ബന്ധപ്പെടാം
ഫോണ്‍: 9447020341

Sunday, August 23, 2009

ചന്ദ്രേട്ടന്റെ `പാപനാശിനി'

ന്ദ്രേട്ടന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്‌. ഒരു ആയുഷ്‌കാലത്തെ പാപം മുഴുവന്‍ ഒറ്റദിവസം കൊണ്ട്‌ കഴുകിക്കളയാനായത്രേ. പിന്നെ എന്തിന്‌ സന്തോഷിക്കാതിരിക്കണമെന്നാണ്‌ ചന്ദ്രേട്ടന്റെ ചോദ്യം. ദേശിംഗനാട്ടുകാരുടെ സ്വതേവയുള്ള മണ്ടത്തരങ്ങള്‍കാരണം അറിഞ്ഞും അറിയാതെയും കുറേ പാപങ്ങള്‍ ചന്ദ്രേട്ടനും സേവിംഗ്‌സ്‌ അക്കൗണ്ടിലിട്ടിട്ടുണ്ട്‌.
ഈ പാപം കളയാനായി പാപനാശത്തൊന്നും ചന്ദ്രേട്ടന്‍ മുങ്ങിയിട്ടില്ല. പകരം കുന്നിന്‍ മുകളിലെ നവ പാപനാശം ഒന്നു സന്ദര്‍ശിക്കുകമാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു.
കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടെന്നാണ്‌ പ്രമാണമെങ്കിലും ഇല്ലം കൊല്ലത്തായതുകൊണ്ടുമാത്രം അതിനെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ്‌ ചന്ദ്രേട്ടന്‍. സര്‍ക്കാര്‍ ഗുമസ്‌തന്‍. ഭാര്യയും മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം.മോള്‍ സംസ്ഥാന എന്‍ട്രന്‍സ്‌ എക്‌സാം എഴുതിയതാണ്‌ ചന്ദ്രേട്ടന്റെ ജീവിതത്തില്‍ വഴിത്തിരവ്‌ സൃഷ്ടിച്ചത്‌. സാമാന്യം നന്നായി പഠിക്കുന്ന വിഭാഗത്തിലായതിനാല്‍ എന്‍ജിനീയറിംഗിന്‌ മെരിറ്റ്‌ സീറ്റില്‍ പ്രവേശനത്തിനുള്ള റാങ്കും അവള്‍ സ്വന്തമാക്കി. ഡെമ്മി ഓപ്‌ഷനും മൂന്നുതവണ നല്‍കേണ്ടിവന്ന ഒര്‍ജിനല്‍ ഓപ്‌ഷനും തിരുത്തലും കൂട്ടലും കിഴിക്കലുമല്ലാം കഴിഞ്ഞപ്പോള്‍ അനന്തരപുരിയിലേക്ക്‌ വണ്ടി കയറേണ്ട അവസ്ഥയായി ചന്ദ്രേട്ടനും മകള്‍ക്കും.
നഗരപ്രാന്തത്തിലെ ഒരു കുന്നിലാണ്‌ പ്രസ്‌തുതകോളജ്‌. രാവിലെ ഒന്‍പതിന്‌ പ്രവേശനത്തിനായി എത്തണമെന്നായിരുന്നു കുട്ടിക്ക്‌ കിട്ടിയ അറിയിപ്പ്‌. മറ്റേത്‌ സര്‍ക്കാര്‍ ജീവനക്കാരനേയും പോലെ ച്രേന്ദട്ടനും സമയക്ലിപ്‌തത പാലിക്കുന്നവരോട്‌ മുമ്പ്‌ വെറുപ്പായിരുന്നു. എങ്കിലും മോളുടെ കാര്യമായതിനാല്‍ ജീവിതത്തില്‍ ആദ്യമായി ആ വിട്ടുവീഴ്‌ചയ്‌ക്കും ചന്ദ്രേട്ടന്‍ തയ്യറായി.
കിറുകൃത്യം ഒന്‍പതിനുതന്നെ കോളജിലെ പ്രവേശന നടപടികള്‍ക്കുള്ള ഹാളില്‍ അവര്‍ വലതുകാല്‍വച്ചു കയറി. മെരിറ്റ്‌ സീറ്റില്‍ പ്രവേശനം ലഭിച്ച മുഴുവന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും അവിടുണ്ട്‌. എന്നിട്ടും ഒരു സംശയം, ഇതുതന്നെയാണോ സ്ഥലമെന്ന്‌. മുമ്പില്‍ യോഗവേദിപോലെ കുറച്ചുമേശകളും കേസരകളും അലങ്കരിച്ചിട്ടിരുന്നതാണ്‌ സംശയത്തിനുകാരണം. അടുത്തുകണ്ടയാളോട്‌ സംശയനിവാരണം നടത്തിയശേഷമേ മകളെ അവിടെ ഇരിക്കാന്‍പോലും ചന്ദ്രേട്ടന്‍ അനുവദിച്ചുള്ളു.

അല്‌പം കഴിഞ്ഞപ്പോള്‍

ആറേഴുപേര്‍ ഹാളില്‍ കടന്നെത്തി. പ്രിന്‍സിപ്പല്‍, കോളജ്‌ ചെയര്‍മാന്‍,
ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌.... അങ്ങനെ നീളുന്ന പട്ടിക. ആദ്യം പ്രിന്‍സിപ്പല്‍തന്നെ
മൈക്ക്‌ കൈയിലെടുത്തു. കോളജിന്റെ ചിത്രവും ഭൂമിശാസ്‌ത്രവും അച്ചടക്കത്തിന്റെ ആവശ്യകതയും എല്ലാം കഴിഞ്ഞപ്പോള്‍ സമയം 11.
അടുത്തത്‌ ചെയര്‍മാന്റെ ഊഴം. ഗള്‍ഫുകാരനായ ചെയര്‍മാന്‍ തന്റെ അമ്മയിഅപ്പന്റെ പേരില്‍ തുടങ്ങിയതാണ്‌ കോളജ്‌. അതുകൊണ്ടുതന്നെ ചരിത്രം അവിടം മുതല്‍ തുടങ്ങാതെ വഴിയില്ലല്ലോ?. ഇടയ്‌ക്കിടയ്‌ക്ക്‌ പ്രസംഗം മലയാളത്തിലേക്ക്‌ വഴുതിവീഴും. അപ്പോഴെല്ലാം ഓര്‍മ്മ വരുക പണ്ട്‌ നാട്ടിലെ ഇടവഴികളില്‍ താളാത്മകമായി ഒഴുകിയെത്തിയിരുന്ന `തകരം, കുപ്പി, പഴയപാത്രം..... വില്‍ക്കാനുണ്ടോ....' എന്ന സംഗീതമാണെന്ന്‌ ചന്ദ്രേട്ടന്‍ ആണയിടുന്നു.
എന്തായാലും പ്രിന്‍സിപ്പാലിന്റെയത്ര വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ടാകാം, ചെയര്‍മാന്റെ പ്രഭാഷണത്തിന്‌ ഒന്നര മണിക്കൂറില്‍ കൂടുതല്‍ ആയുസുണ്ടായില്ല. ആ കുറവ്‌ പരിഹരിക്കാന്‍ പക്ഷേ, ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌സിനായി. എല്ലാവരും കൂടി രണ്ടരവരെ പരിപാടിയുടെ ആയുസ്‌ നീട്ടിയെടുത്തു. അത്രയം നേരത്തെ പീഡനം കഴിഞ്ഞപ്പോഴാണ്‌ കുട്ടികള്‍ക്ക്‌ ആശ്വാസമേകിയ അറിയിപ്പ്‌ മൈക്കിലൂടെ ഒഴുകിയെത്തിയത്‌ - ``ഇനി നമ്മള്‍ക്ക്‌ പോയി ഭക്ഷണം കഴിച്ചുവരാം. ശേഷം 3.30 ന്‌ എല്ലാവരും ഹാളിലെത്തണം''.
പേടിച്ചുപേടിച്ചാണ്‌ 3.30 ന്‌ എല്ലാവരും ഹാളിലെത്തിയത്‌. പ്രിന്‍സിപ്പലും ചെയര്‍മാനുമൊന്നും
അവിടില്ലെന്ന്‌ കണ്ടപ്പോഴാണ്‌ ആ മുഖങ്ങളില്‍ റംസാന്‍ നിലാവ്‌ പ്രതിഫലിച്ചത്‌. പിന്നീട്‌ ചടപടേന്നായി കാര്യങ്ങള്‍. നാല്‌ മണിയോടെ പ്രവേശന നടപടികള്‍ പൂര്‍ണം.
പക്ഷേ ചന്ദ്രേട്ടന്റെ യോഗം അവിടെയും തീര്‍ന്നില്ല. കൊല്ലത്തുനിന്നും ദിവസവും വന്നുപോകുക മോള്‍ക്ക്‌ ബുദ്ധിമുട്ടാവും. ഹോസ്‌റ്റല്‍ ചൂസ്‌ ചെയ്യാതെ മറ്റ്‌ മാര്‍ഗമില്ല. കോളജിന്റെ തന്നെ ഹോസ്‌റ്റല്‍ ആകുമ്പോള്‍ ഒരു അടുക്കും ചിട്ടയുമെല്ലാം ഉണ്ടാകുമല്ലോയെന്ന്‌ ചന്ദ്രേട്ടന്‍ കണക്കുകൂട്ടി.

കൂട്ടിയ കണക്കുകള്‍
പിഴച്ചവയാണെന്ന്‌ ബോധ്യമാകാന്‍ അധികം സമയം വേണ്ടിവന്നില്ല. കോളജിന്‌ ലേഡീസ്‌ ഹോസ്‌റ്റല്‍ ഇല്ല. പകരം നഗരത്തില്‍ പല സ്ഥലങ്ങളിലായി വീടുകള്‍ വാടകയ്‌ക്കെടുത്ത്‌ കുട്ടികള്‍ക്ക്‌ സൗകര്യമൊരുക്കുകയാണ്‌ കോളജ്‌ അധികൃതര്‍. അങ്ങനെയെങ്കില്‍ അങ്ങനെയെന്ന്‌ ചന്ദ്രേട്ടനും. നഗരഹൃദയത്തിലുള്ള ഒരു ഇരുനില കെട്ടിടത്തിലാണ്‌ മോള്‍ അന്തിയുറങ്ങാന്‍ ഇടം കിട്ടിയത്‌.
അവിടെ ചെന്നപ്പോഴും കിട്ടി, നടയടി. ചെയര്‍മാന്‍ വക. ഒരുമണിക്കൂര്‍ നീണ്ട പ്രഭാഷണം. ഒക്കെ കഴിഞ്ഞപ്പോഴാണ്‌ മനസിലായത്‌ നാല്‌ ബെഡ്‌റൂമുള്ള ആ വീട്ടില്‍ താമസിക്കേണ്ടത്‌ 20 പേരാണെന്ന്‌. ഭക്ഷണം സ്വയം പാചകം ചെയ്യണം. വീട്ടുവാടക ഒരു തലയ്‌ക്ക്‌ 3000 രൂപ മാത്രമേയുള്ളൂവെന്ന ചെയര്‍മാന്‍ വക സ്വാന്തനം വേറെയും.
ഹോസ്‌റ്റല്‍ പ്രവേശനമൊക്കെ കഴിഞ്ഞപ്പോള്‍ സമയം രാത്രി 10. എന്നിട്ടും ആ രാത്രിതന്നെ ചന്ദ്രേട്ടന്‍ നഗരത്തില്‍ അലഞ്ഞുനടന്നു, മറ്റേതെങ്കിലും ഹോസ്‌റ്റല്‍ ലഭിക്കുമോയെന്നറിയാന്‍. ഒടുവില്‍ അതും സംഘടിപ്പിച്ച്‌ വിശ്രമിക്കാന്‍ താലതാഴ്‌ത്തിയപ്പോള്‍ കോഴി കൂവിയെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തായാലും തന്റെ മുഴുവന്‍ പാപങ്ങളും ഈ ഒറ്റ ദിവസത്തോടെ തീര്‍ന്നുകിട്ടിയന്ന ഉറച്ച വിശ്വാസത്തിലാണ്‌ ചന്ദ്രേട്ടന്‍ ഇപ്പോള്‍.

Thursday, July 30, 2009

ഇക്കിക്കി ബാങ്കിന്റെ തമാശകള്‍

സുരേന്ദ്രന്‍ ആകെ ഞെട്ടിത്തെറിച്ചിരിക്കുകയാണ്‌! എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയില്‍. കരയണോ ചിരിക്കണോ എന്നുപോലും അറിയാതെ, ആകെ വിമ്മിഷ്ടനായുള്ള ആ ഇരിപ്പുകണ്ടാല്‍ ആരും ഭയന്നുപോകും.
സംഭവം വളരെ നിസാരമെന്ന്‌ കാര്യംകേട്ടാല്‍ നമുക്കുതോന്നും. പക്ഷേ, സുരേന്ദ്രന്‌ അങ്ങനെയല്ല. ഒക്കെ ഓരോ വിധി....
കാര്യം ഇത്രയേയുള്ളൂ, ആരോഗ്യരക്ഷയെക്കുറിച്ച്‌ മലയാളികള്‍ കുടുതല്‍ ആശങ്കാകുലരാകുന്ന കാലമാണല്ലോ ഇത്‌. സുരേന്ദ്രനും അത്തരത്തിലൊന്നു ചിന്തിച്ചുപോയി. ആശുപത്രി ചെലവുകളൊക്കെ മനുഷ്യന്‌ താങ്ങാനാവാത്തവിധം ഉയരുകയല്ലെ! കാലേക്കൂട്ടി ഒരു പോളിസി എടുത്തുവച്ചാല്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ?
ഈവിധചിന്തകള്‍ മനസിനെ മഥിക്കുമ്പോഴാണ്‌ ദൈവദൂതരെപോലെ അവര്‍ എത്തുന്നത്‌. സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കിക്കി ബാങ്കുകാര്‍. ഞെട്ടണ്ട, ആംഗലേയത്തിലെ ചുരുക്കപ്പേരിനെ സുരേന്ദ്രന്‍ മലയാളീകരിച്ചെന്നേയുള്ളൂ. ഇക്കിക്കി ബാങ്കുകാര്‍ അവരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ ലഘുരേഖയുമായാണ്‌ സുരേന്ദ്രനെ സമീപിച്ചത്‌. വര്‍ഷാവര്‍ഷം അഞ്ച്‌ അക്കത്തിനടുത്തുവരുന്ന ഒരു `ചെറിയതുക' പ്രീമിയം ആയി അടച്ച്‌ കുടുംബത്തിന്റെ ചികിത്സാ ചലവുകള്‍ സൃഷ്ടിക്കുന്ന തലവേദനയില്‍നിന്നും രക്ഷപ്പെടാനൊരവസരം. പദ്ധതിയുടെ വര്‍ണനകേട്ട സുരേന്ദ്രന്‍ പിന്നീട്‌ ഒന്നും ആലോചിച്ചില്ല.
ആറുമാസം ഒരു കുഴപ്പവുമില്ലാതെ കടന്നുപോയി. അപ്പോഴാണ്‌ ആരോടും ചോദിക്കാതെയും പറയാതെയും അവന്‍ കടന്നുവന്നത്‌. ഒരു ചെറിയ ചെഞ്ചുവേദന. ആദ്യം കാര്യമാക്കിയില്ല. ഒടുവില്‍ കളി കാര്യമായപ്പോള്‍ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലായി സുരേന്ദ്രന്‍. ഏതായാലും ജീവിതം ഇന്‍ഷ്വര്‍ ചെയ്‌തിട്ടുണ്ടല്ലോ! ആശുപത്രി ചെലവുകളെക്കറിച്ച്‌ സുേരന്ദ്രന്റെ വീട്ടുകാരും ഭയചികിതരായില്ല.
എല്ലാം കഴിഞ്ഞ്‌ ക്ലൈമുമായി ചെന്നപ്പോഴാണ്‌ ഇക്കിക്കിക്കാരുടെ തനിനിറം സുരേന്ദ്രന്‍ കണ്ടത്‌. ഓരോരോ കാരണങ്ങള്‍ പറഞ്ഞ്‌ അവര്‍ ബില്ല്‌ പാസാക്കാതെയായി. അവര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ എത്തിച്ചുകൊടുത്തു. എന്നിട്ടും സുരേന്ദ്രന്റെ നടത്തത്തിന്‌ മാത്രം കറവുണ്ടായില്ല. ഒക്കെ കഴിഞ്ഞ്‌ അവസാനം അവര്‍ ആവശ്യപ്പെട്ട രേഖ കേട്ടപ്പോള്‍ സുരേന്ദ്രന്റെ ബോധം വീണ്ടും മറഞ്ഞു. അടുത്തിടെയുണ്ടായ നെഞ്ചുവേദനയ്‌ക്ക്‌ മുമ്പ്‌ ചികിത്സിച്ചതിന്റെ രേഖകള്‍കൂടി വേണമെന്നേ ഇക്കിക്കി ബാങ്കുകാര്‍ പറഞ്ഞുള്ളൂ. അതിന്‌ േബാധംപോകേണ്ട ആവശ്യമൊന്നുമില്ലെന്നും അവര്‍ തീര്‍ത്തുപറഞ്ഞുകളഞ്ഞു.
രോഗം വരുംമുമ്പേ അതിന്‌ ചികിത്സിക്കുന്ന വിദ്യയെക്കുറിച്ച്‌ അറിവില്ലാത്ത സുരേന്ദ്രന്‍ ഒടുവില്‍ സ്വബോധത്തോടെ ചോദിച്ചു, ബോധമുള്ള ആരെങ്കിലും ഇവരുടെ കെണിയില്‍ തലവച്ചുകൊടുക്കുമോ...?

Thursday, June 4, 2009

ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ... കൊള്ളാം!

 ഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലംബോദരന്‍ പിള്ളയ്ക്ക് മനസില്‍ ആ ആഗ്രഹം തിളച്ചുപൊങ്ങിയത്. പെട്ടെന്നുണ്ടായ ആഗ്രഹം എന്നു പറഞ്ഞുകൂടാ, പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ വാങ്ങണമെന്നത്. സര്‍ക്കാരിന്റെ കണക്കില്‍ ഇല്ലെങ്കിലും അനുഭവംകൊണ്ട് ബി പി എല്‍ എന്ന അതിര്‍ത്തിവരയ്ക്ക് താഴെയുള്ളവനാണ് ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയ ലംബോധരന്‍ പിള്ള. അങ്ങനെയുള്ള പിള്ള കാര്‍ വാങ്ങുന്നത് സ്വപ്നം കാണാന്‍ പോലും പാടില്ലാത്തതാണ്.


എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ? 

അങ്ങനെയിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഉര്‍വശീ ശാപം അനുഗ്രഹമായി തന്നെ അയാള്‍ കണ്ടു. കാറുകള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. ഫസ്റ്റ്ഹാന്‍ഡ് കാറുകളുടെ അവസ്ഥ ഇതാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ അവസ്ഥ എന്തായിരിക്കും. നാനോകൂടി വന്നതോടെ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ക്കും വില നാനോയായെന്നാണ് പിള്ളയും കേട്ടത്.  

തീരുമാനം സ്വയം എടുത്തതോടെ പറ്റിയ കാറിനായുള്ള അന്വേഷണവും പിള്ള തുടങ്ങി. ഓഫീസിലെ ഒഴിവുസമയങ്ങളില്‍ പത്രങ്ങളിലെ വില്‍ക്കാനുണ്ട് പരസ്യങ്ങളിലൂടെ പിള്ള കണ്ണോട്ടിച്ചു തുടങ്ങി. പിള്ള ശരിക്കും ഞെട്ടിയത് അപ്പോഴാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലായതും അപ്പോള്‍തന്നെ.

വില്‍ക്കാന്‍ കിടക്കുന്നതെല്ലാം വിലകൂടിയ കാറുകള്‍. അതില്‍ ബഹുഭൂരിപക്ഷവും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കാറുകളും. ജീവിക്കാന്‍ വേണ്ടി കാര്‍ വില്‍ക്കേണ്ട അവസ്ഥയിലായി ഡോക്ടര്‍മാര്‍വരെ. അപ്പോള്‍ പിന്നെ പാവം പ്യൂണിന്റെ കാര്യം പറയേണ്ടതുണ്ടോ?


ചില നമ്പരുകളിലൊക്കെ പിള്ള വിളിച്ചുനോക്കി. ഫോണ്‍ എടുക്കുന്നത് ഡോക്ടര്‍ അല്ല, ബ്രോക്കര്‍ ആണെന്ന് പിള്ളയ്ക്ക് മനസിലായത് പതുക്കെയാണ്. ഫോണ്‍ എടുക്കുന്നവരില്‍ പലരും ഓരോ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാരായിരിക്കും. ഇതിന്റെ പിന്നാമ്പുറം പരത്തിയപ്പോഴാണ് പിള്ള ഞെട്ടിയത്.


ഡോക്ടര്‍ യൂസ്ഡ് കാര്‍ എന്നതിന്റെ അര്‍ത്ഥം മനസിലായതും അപ്പോള്‍തന്നെ. ഡോക്ടര്‍മാര്‍ ഉപയോഗിച്ചുവെന്നേയുള്ളൂ, കാറിന്റെ ഉടമസ്ഥന്‍ അവരല്ല. തങ്ങളുടെ മരുന്നിന്റെ വില്പന കൂട്ടാന്‍ അവര്‍ക്ക് ഓരോ മരുന്നു കമ്പനികള്‍ നല്‍കുന്നതാണ് ഈ കാറുകള്‍. ലോണ്‍ എടുത്തു നല്‍കുന്ന ഈ കാറുകളുടെ മാസത്തവണകള്‍ കമ്പനിതന്നെ അടയ്ക്കും. ഡോക്ടര്‍ എന്ന് മറ്റൊരു മരുന്നിന് പ്രാധാന്യം കൊടുക്കുന്നുവോ അന്ന് മാസത്തവണ അടയ്ക്കല്‍ നിര്‍ത്തുകയും ചെയ്യും. അതോടെ ബാങ്കുകാര്‍ കാര്‍ പിടിച്ചെടുത്ത് മറിച്ചുവില്‍ക്കും. 

ഡോക്ടര്‍ക്കും മരുന്ന് കമ്പനിക്കും സ്വകാര്യ ബാങ്കുകള്‍ക്കും നഷ്ടമില്ലാത്ത കച്ചവടം. ഡോക്ടര്‍ക്ക് മറ്റൊരു മരുന്നുകമ്പനി വേറൊരു പുതിയ കാര്‍ ഇതിനകം സമ്മാനിച്ചിരിക്കും. കുറഞ്ഞകാലയളവിലാണെങ്കിലും പരമാവധി മരുന്നുവിറ്റുപോയതിലൂടെ കമ്പനികള്‍ക്കും ലാഭം. ഡോക്ടര്‍ യൂസ്ഡ് കാറിന് കമ്പോളത്തില്‍ വില കൂടുതലായതിനാല്‍ ബാങ്കിനും റിസ്ക് ഇല്ല. 
കൊള്ളാം പിള്ളേ... കൊള്ളാം! തിരോന്തരം സ്റ്റൈലില്‍ പിള്ള അറിയാതെ പറഞ്ഞുപോയി.

Friday, April 10, 2009

നാല് കള്ള വോട്ടുകള്‍

'കനേ... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇരുവരെയും യാത്രയാക്കിയശേഷം രാമന്‍നായര്‍ പിന്നെയും ക്യൂവില്‍നിന്നു. മുന്നിലെത്തി വോട്ടേഴ്സ് സ്ളിപ് കാട്ടിയ രാമന്‍നായര്‍ക്ക് ആ വോട്ട് ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് പ്രിസൈഡിംഗ് ഓഫീസറില്‍നിന്നും ലഭിച്ചത്. ശ്യാംകുമാറും രാമന്‍നായരും ഇപ്പോള്‍ വോട്ട് ചെയ്ത് മടങ്ങിയതേയുള്ളുവെന്നുകൂടി ഓഫീസര്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ തന്റെയും മകനായോ? എന്ന കലാധരന്റെ വാക്കുകളുടെ പൊരുള്‍ നായര്‍ക്ക് പിടികിട്ടിയത്. എങ്കിലും വോട്ട് തന്റെ പാര്‍ട്ടിക്കുതന്നെയലേയെന്ന ആശ്വാസത്തോടെ പുറത്തിറങ്ങിയ നായര്‍ പിന്നീടാണ് ആ സത്യം അറിയുന്നത്. കലാധരനും മകനും പാര്‍ട്ടി മാറിയ കഥ.

-------- -------- --------

ഇത് മലപ്പുറം ജില്ല. കൃത്യമായി പറഞ്ഞാല്‍ പഴയ മഞ്ചേരി ലോക്സഭാമണ്ഡലം. രണ്ട് യുവാക്കള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കത്തിലാണ്. നാളെ താന്‍ കള്ളവോട്ട് ചെയ്യുമെന്ന് ഒരാള്‍. എന്തുവന്നാലും അനുവദിക്കില്ലെന്ന് മറുപാര്‍ട്ടിയുടെ ഇലക്ഷന്‍ ഏജന്റ് കൂടിയായ രണ്ടാമന്‍. എങ്കില്‍ നീ ഇരിക്കുന്ന ബൂത്തില്‍തന്നെ ചെയ്തുകാണിക്കാമെന്ന് ആദ്യത്തെയാള്‍. പന്തയം ഒടുവില്‍ ഒരു ഷിവാസ് റീഗലില്‍ എത്തിനിന്നു. പോളിംഗ് ദിവസം രാവിലെ തന്നെ ഏജന്റ് സ്റ്റേഷനില്‍ എത്തി. സുഹൃത്തിന്റെ കള്ളവോട്ട് തടയലായിരുന്നു ഏക ലക്ഷ്യം. സമയം ഇഴഞ്ഞുനീങ്ങിയിട്ടും സുഹൃത്തിനെ കാണാതായതോടെ ഏജന്റിന് സന്തോഷമായി. ഏകദേശം നാല് മണി ആയിക്കാണും അപ്പോള്‍. കുറച്ച് മുസ്ളീം വനിതകള്‍ പര്‍ദയണിഞ്ഞ്, കൈയിലും കാലിലും മൈലാഞ്ഞിയുമൊക്കെയിട്ട് ബൂത്തിലെത്തി. എല്ലാവരും വോട്ട് ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു യുവതി ഏജന്റിനോട് ഒന്നു പുറത്തേക്കു വരാമോയെന്ന് അഭ്യര്‍ത്ഥിച്ചു.ഇത് സുഹൃത്തിന്റെ പണിയാണെന്ന് മനസിലാക്കാന്‍ ഏജന്റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തന്നെ ബൂത്തില്‍നിന്നും അകറ്റിനിര്‍ത്തിയിട്ട് കള്ളവോട്ട് ചെയ്യാന്‍ വേണ്ടി സുഹൃത്ത് ഈ യുവതിയെ ചട്ടംകെട്ടിയതാണെന്ന് മനസിലാക്കിയ ഏജന്റ് ആദ്യം ചെയ്തത് ബൂത്തിന് പുറത്ത് സുഹൃത്ത് ഇല്ലെന്ന് ഉറപ്പാക്കലായിരുന്നു. ശേഷം സ്കൂള്‍ ഗെയ്റ്റിന് സമീപം നിന്ന പര്‍ദ്ദ ധാരിണികള്‍ക്ക് സമീപത്തേക്ക് അയാള്‍ നടന്നു. അടുത്തുചെന്നതും യുവതി പറഞ്ഞു, 'ഷിറാസേ... ഷീവാസ് റീഗല്‍ ഇന്നുതന്നെ കിട്ടണം'.ഉയര്‍ന്നുപൊങ്ങിയ ആ ശബ്ദം തിരിച്ചറിയാന്‍ ഏജന്റിന് അധികസമയം വേണ്ടിവന്നില്ല. തന്റെ എതിരാളിയാണ് യാഥാര്‍ത്ഥത്തില്‍ ആ പര്‍ദയ്ക്കുള്ളിലെന്നു മാത്രമല്ല, ആ വന്ന 10 യുവതികളും വ്യാജന്‍മാരാണെന്ന് അയാള്‍ മനസിലാക്കിയപ്പോഴേക്കും യുവതികളുമായി വന്ന ക്വാളിസ് കാറുകള്‍ ബൂത്തിന്റെ 100 വാര അകലെ എത്തിയിരുന്നു.

-------- -------- ----------

ഇത് കണ്ണൂര്‍. കണ്ണൂര്‍ ഡി സി സി ഓഫീസിന് തൊട്ടടുത്തുള്ള ബൂത്ത്. രാവിലെ ഏഴിന് തന്നെ 15 ഖദര്‍ധാരികള്‍ വോട്ട് ചെയ്യാന്‍ എത്തി. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ 15 വോട്ടാണുള്ളത്. അവരാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇവരെ കണ്ടയുടനെ സി പി എം ഏജന്റ് എതിര്‍ത്തു. ഇത് കള്ളവോട്ടാണെന്ന് ഏജന്റ് വാദിച്ചതോടെ ബൂത്തില്‍ പൊരിഞ്ഞ തര്‍ക്കമായി.ശരിയായിട്ടുള്ളവരാണ് തങ്ങളെന്ന് വോട്ടര്‍മാരും ബൂത്തിലെ യു ഡി എഫ് ഏജന്റായിരുന്ന മുസ്ളീം ലീഗുകാരനും വാദിച്ചു. ഒടുവില്‍ സി പി എം ഏജന്റിന് വഴങ്ങേണ്ടിവന്നു. അങ്ങനെ 15 ഖദര്‍ധാരികളും വോട്ടുചെയ്തുമടങ്ങി. ഏകദേശം 11 മണിയോടെ അടുത്ത 15 ഖദര്‍ധാരികള്‍ വോട്ട് ചെയ്യാന്‍ എത്തി. ഡി സി സി ഓഫീസിലെ യാഥര്‍ത്ഥ വോട്ടര്‍മാരായിരുന്നു അവര്‍. പറഞ്ഞിട്ടെന്തുകാര്യം. അവരെ ആദ്യം എതിര്‍ത്തത് യു ഡി എഫ് ഏജന്റായിരുന്നു. വാക്കുതര്‍ക്കം ഏറെ നടത്തിയെങ്കിലും വേട്ട് ചലഞ്ചുചെയ്യാന്‍പോലും അവര്‍ക്ക് അവസരം ലഭിച്ചില്ല. മുന്‍ജന്മ സുഹൃതം എന്നല്ലതെ എന്തുപറയാന്‍, ഇല്ലെങ്കില്‍ കള്ളവോട്ടിന് ശ്രമിച്ചുവെന്നപേരില്‍ 15 ഉം അകത്താനേ... പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കരുണതോന്നിയത് ഭാഗ്യം.

-------- ---------- ----------

ഇത് തിരുവിതാംകൂര്‍ം, അങ്ങനെ പറഞ്ാല്‍ പോര.. സാക്ഷാല്‍ തിരന്തോരം. തന്റെ നാട്ടിലെ ഏക കോണ്‍ഗ്രസുകാരനാണ് അനി. 18 വയസില്‍ വോട്ടവകാശം നേടിയ അനിക്ക് പക്ഷേ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതുവരെ തന്റെ വോട്ട് ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. എല്ലാതവണയും അനി ബൂത്തിലെത്തും. പക്ഷേ അപ്പോഴേക്കും ആ വോട്ട് മറ്റാരെങ്കിലും ചെയ്തിരിക്കും. പിന്നെ ചലഞ്ച് ചെയ്യുമെങ്കിലും അങ്ങനെയുള്ള വോട്ട് പരിഗണിക്കപ്പെടേണ്ട സാഹചര്യം അനന്തപത്മനാഭന്റെ നാട്ടില്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുവന്നാലും തന്റെ വോട്ട് ചെയ്യണമെന്ന് അനി തീരുമാനിച്ചു. ഇത്തവണ തന്റെ വോട്ടുചെയ്യാന്‍ വേറാരെയും അനുവദിക്കില്ലെന്ന് മറുപാര്‍ട്ടിക്കാരായ സുഹൃത്തുക്കളെയൊക്കെ വെല്ലുളിച്ചു. പോളിംഗ് ദിവസംരാവിലെ ആറിന് തന്നെ അനി ബൂത്തിന് മുന്നിലെത്തി. മറ്റൊരു എട്ടുപേര്‍ക്കൂടി അപ്പോള്‍തന്നെ ബൂത്തിന് മുന്നിലുണ്ട്. പരിചയക്കാര്‍ ആരുംഅതിലില്ല. തന്നെപ്പോലെയുള്ളവര്‍ ആകും അവരെന്നും അനി ഊഹിച്ചു. സമയം ഏഴ് ആയതോടെ വോട്ടിംഗ് തുടങ്ങി. ഒന്‍പതാമനായി പ്രിസൈഡിംഗ് ഓഫീസറുടെ മുന്നിലെത്തിയ അനി ഞെട്ടി. ആദ്യവോട്ടുതന്നെ തന്റെ അപരനാണ് ചെയ്തതെന്ന് അറിഞ്ഞ അനി ഇത്തവണ വെളുപ്പിന് അഞ്ചിനു തന്നെ ബൂത്തിന് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഒരു കന്നിവോട്ട് ചെയ്യാനുള്ള ആഗ്രഹം. ഇതും അമിതാഗ്രഹമാകുമോയെന്ന് കണ്ടുതന്നെ അറിയണം.