Posts

Showing posts from 2011

ബാരിക്കേഡ്‌

Image
എനിക്ക്‌ ഒരു ബാരിക്കേഡ്‌ വേണം. ബാരിക്കേഡ്‌ എന്നു പറയുമ്പോള്‍, റോഡ്‌ ബ്ലോക്ക്‌ ചെയ്യാന്‍ പോലീസ്‌ ഉപയോഗിക്കുന്ന, ലോഹനിര്‍മിതമായ വലിയ ബാരിക്കേഡ്‌ എന്നു കരുതണ്ട. അതേ മാതൃകയില്‍തന്നെയുള്ള ചെറിയ ഒരു ബാരിക്കേഡ്‌. ചെറുതെന്ന്‌ പറയുമ്പോള്‍, ഒരു കൈക്കുമ്പിളില്‍ കൊള്ളാവുന്ന അത്രയും വലിപ്പത്തിലുള്ളത്‌. എന്റെ ഹൃദയത്തിന്‌ ഒരു സുരക്ഷ നല്‍കാനാണ്‌. കൈക്കുമ്പിളില്‍ ഹൃദയം ഉള്‍ക്കൊള്ളുമോയെന്നായിരിക്കും? ഇല്ലതന്നെ. കോട്ടയം അയ്യപ്പാസ്‌ പോലെ, അകത്തേക്ക്‌ കടന്നാല്‍ വിശാല ഷോറും തന്നെയാണവിടവും. എങ്കിലും പുറത്തെക്കാഴ്‌ചയ്‌ക്ക്‌ ഒരു സുരക്ഷിതത്വം വേണമല്ലോ അതിനാണ്‌ ഈ ബാരിക്കേഡ്‌. ഹൃദയം മുഴുവന്‍ മറയ്‌ക്കണമെന്നില്ല. അതിന്റെ പുറകുവശം മറച്ചാല്‍ മതിയാകും. അടുത്തിടെയായി കിട്ടുന്ന കുത്തൊക്കെ പിന്നില്‍നിന്നാണല്ലോ അതിന്‌ തടയിടാനാണ്‌. മുന്നില്‍നിന്നുള്ള ആക്രമണത്തിനെ പേടിയില്ല. കൈപ്പത്തികളുടെ മറവില്‍ ഹൃദയം ഒളിപ്പിക്കാന്‍ ഞാന്‍ പണ്ടേ വിദഗ്‌ദധനല്ലേ. ഇപ്പോള്‍ എനിക്ക്‌ വേണ്ടത്‌ ഒരു ബാരിക്കേഡ്‌ മാത്രം. കൈക്കുമ്പിളില്‍ ഒതുങ്ങുന്ന ബാരിക്കേഡ്‌.