എങ്കിലും എന്റെ പോലീസുകാരാ...
അന്നൊരു 31 ആയിരുന്നു ദിവസം. വര്‍ഷത്തിനും മാസത്തിനും പ്രസക്തി ഇല്ലാത്തതിനാല്‍ അതിവിടെ കുറിക്കുന്നില്ല. അല്ലെങ്കിലും ശ്രീപത്മനാഭന്റെ നാലുകാശുപറ്റി ജീവിക്കുന്ന ഒരാള്‍ക്ക് എന്ത് വര്‍ഷം, എന്ത് മാസം. ഓരോ മാസവും തള്ളി നീക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്കുമാത്രമേ അറിയൂ. ആളിന്റെ പേരിനും പ്രസക്തിയില്ല. എങ്കിലും അയാളെ എന്തെങ്കിലും വിളിച്ചല്ലേപറ്റൂ. അതുകൊണ്ടുമാത്രം നമുക്ക് അയാളെ ഷിബു എന്നു വിളിക്കാം. അപ്പോള്‍ ഷിബു എന്ന പേര് ഉറപ്പിച്ചു, ഒരുതരം, രണ്ടുതരം, മൂന്നുതരം.
ഷിബു കായലോരങ്ങളുടെ നാട്ടില്‍നിന്നാണ് നഗരത്തിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ മേശമല്ലാത്ത ജോലിയുമുണ്ട്. സകുടുംബം നഗരഹൃദയത്തില്‍ വീട് വാടകയ്ക്ക് എടുത്താണ് ജീവിതം. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുംപോലെ തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായൊരു വീടെന്നതാണ് ഷിബുവിന്റെയും സ്വപ്നം. ഇപ്പോള്‍ സ്വന്തമായി ആകെയുള്ളത് ഒരു ഇരുചക്രശകടംമാത്രം.
ഇവിടെ വിഷയം അതൊന്നുമല്ല. പറയാനുള്ള കഥയും അതല്ല. അത്യാവശ്യം മദ്യസേവ നടത്തുന്നവരുടെ പട്ടികയില്‍ മാന്യമായ സ്ഥാനമുള്ള ഒരു വ്യക്തിയാണ് ഷിബു. അത്യാവശ്യത്തിന് മുകളിലേക്ക് പോകാറുമില്ല. അത് ഷിബുവിന് നിര്‍ബന്ധവുമാണ്. ഈ സംഭവകഥ നടന്നത് ഒരു 31 നാണ്. ഏത് മാസം, ഏത് വര്‍ഷം എന്ന് ചോദിക്കരുത്. ഏതായാലും ബാറുകള്‍ക്ക് ഒന്നാം തീയതി അവധി പ്രഖ്യാപിച്ചതിനുശേഷമുള്ള കാലമാണെന്നു മാത്രം അറിയുക.
മാസം അവസാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോക്കറ്റ് കാലിയാകുമെന്ന് പ്രത്യേകിച്ച് ആരെയും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? അതുപോലൊരു മാസാവസാനമായിരുന്നു ഇതും നടന്നത്. ഒന്നാം തീയതി മദ്യഷോപ്പുകള്‍ക്ക് അവധി ആയതിനാല്‍ 31 നുതന്നെ ഒരു ലിറ്റര്‍ റം വാങ്ങി സൂക്ഷിക്കുകയാണ് ഷിബുവിന്റെ പതിവ്. അന്നും അതുതന്നെയായിരുന്നു ഷിബുവിന്റെ ഉദ്ദേശം.
പക്ഷേ കൈയിലാണെങ്കില്‍ അതിനുള്ള പണവുമില്ല. ശമ്പളം ഒന്നിനല്ലേ കിട്ടൂ. ആകെയുള്ളത് 100 രൂപ നോട്ടാണ്. ഒടുവില്‍ ഭാര്യ രഹസ്യമായി സൂക്ഷിച്ചിരുന്ന കുടുക്ക കണ്ടെത്തി അതില്‍ കൈയിട്ടുവാരിയാണ് 200 രൂപ തികച്ചത്. വല്ലാത്തൊരു ആവേശമായിരുന്നു ആ മുഖത്ത് അപ്പോള്‍. പിന്നെ ഒന്നും നോക്കിയില്ല, ഇരുചക്രശകടം സ്റ്റാര്‍ട്ടായത് മിന്നല്‍ വേഗതയിലായിരുന്നു. പരമാവധി വേഗതയില്‍ അത് സ്റ്റാറ്റ്യുവിലെ ബിവറേജസ് ചില്ലറ വില്പനശാലയിലേക്ക് കുതിച്ചു.
ഫൈന്‍ആര്‍ട്സ് കോളജ് കഴിഞ്ഞപ്പോള്‍ റോഡിലെ പാതിമിന്നുന്ന സ്ട്രീറ്റ്ലൈറ്റ് വെട്ടത്തിനിടയിലൂടെ ഒരാള്‍ വണ്ടിക്ക് കൈകാണിച്ചു. ലിഫ്ടിനാകും എന്നുകരുതി ഷിബു വണ്ടി നിര്‍ത്തുകയും ചെയ്തു. പിന്നെയാണ് കാക്കി കണ്ടത്. ട്രാഫിക് പോലീസിന്റെ ഹെല്‍മെറ്റ് വേട്ട നടക്കുകയാണവിടെ. സാധാരണ അവിടെ ഹെല്‍മറ്റ് വേട്ടയ്ക്കായി പോലീസ് നില്‍ക്കാറില്ല. ആ ധൈര്യത്തിലാണ് ഷിബു വണ്ടി നിര്‍ത്തിയതും. പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ?
ഷിബു താണും വീണും അപേക്ഷിച്ചുനോക്കി... എവിടെ, ഒക്കെയും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. പണം നാളെ സ്റ്റേഷനില്‍ അടക്കാമെന്നും പറഞ്ഞുനോക്കി, നടന്നില്ല. ഒടുവില്‍ 100 രൂപ ഫൈന്‍ അടച്ചാണ് ഷിബു തടിയൂരിയത്. ഭാര്യയെപറ്റിച്ചും സ്വരൂക്കൂട്ടിയ പണം പോലീസുകാരന് കൊണ്ടുപോകുന്നത് നോക്കിനില്ക്കാനെ ഷിബുവിന് കഴിഞ്ഞുള്ളു.
പക്ഷേ സംഭവം അവിടെയും തീര്‍ന്നില്ല. 100 രൂപ നല്‍കിയതിന് രസീത് ചോദിച്ചപ്പോഴാണ് സംഗതി ഉഷാറായത്. ബുക്കും പേപ്പറും കാണണമെന്നായി പോലീസ് ഏമാന്. കുപ്പി വാങ്ങാനുള്ള ധൃതിയില്‍ ഷിബു അതൊക്കെ മറന്നിരുന്നു. രസീതുവേണോ, ബുക്കും പേപ്പറുമില്ലാത്തതിന് പിഴയടക്കുന്നോ എന്ന ചോദ്യത്തിന് മറുപടി നല്കാന് ഷിബുവിന് കഴിഞ്ഞില്ല. "ഒന്നാം തീയതിക്കുള്ള കരുതല്‍ ശേഖരത്തിന് ഫണ്ട് സ്വരൂപിക്കുമ്പോഴാണ് ഒരുത്തന് ഉടായിപ്പുമായി ഇറങ്ങിയിരിക്കുന്നത്....'' നിരാശാബാധിതനായി, തലകുനിച്ച് തലകുനിച്ചു തിരിച്ചുനടക്കുമ്പോഴാണ് ആ പോലീസുകാരന്റെ പിറുപിറുക്കല്‍ ഷിബുവിന്റെ കര്‍ണങ്ങളില്‍ പതിച്ചത്. "എങ്കിലും എന്റെ പോലീസുകാരാ...'' ഷിബു അറിയാതെ പറഞ്ഞുപോയി.
Comments
അസ്സലായി...
vazhikkuvechu police pidichalum kuzhappamillallo avarkkullathum pinne rum vanganum ulla kashu kaiyil undallo
midukkan keep it up
ഷിബുമോന്‍ തിരിഞ്ഞുനോക്കി...
മുറ്റത്തൊരു പോലീസുകാരന്.കയ്യിലൊരു കുടുക്ക.
1. ഒന്നാം തീയതിക്കുവേണ്ടി നേരത്തെ സ്റോക്ക് ചെയ്യുക... 31 ആവാന്‍ ഒരിക്കലും കാത്തു നില്‍ക്കരുത്...
2. ഒരിക്കലും ഒറ്റയ്ക്ക് മദ്യപിക്കാന്‍ ശ്രമിക്കരുത്. ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോള്‍ എന്നെ കൂടെ വിളിക്കുക...
ennalum kolaam tto ugran