ഒരു പി.എസ്.സി കഥ
അജീഷ്, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. നമ്മള്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണംകൊണ്ട്, സ്വന്തം കഴിവ് മറ്റുതരത്തില്‍ വിനിയോഗിക്കാതെ ബിരുദ പഠനത്തിലേക്കുമാത്രം ശ്രദ്ധയൂന്നിയ ചെറുപ്പക്കാരന്‍. ഏതായാലും നല്ല നിലയില്‍തന്നെ ബിരുദധാരിയാവാന്‍ അജീഷിന് കഴിഞ്ഞു. സാധാരണ ബിരുദധാരികളെപ്പോലെ അജീഷിനും ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു, എങ്ങനെയും പഠിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവുക. ടെസ്റ്റുകള്‍ കുറേ എഴുതിയെങ്കിലും ഭാഗ്യദേവതമാത്രം അജീഷിനെ അകമഴിഞ്ഞ് അനുഗ്രഹിച്ചില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഷോര്‍ട്ട് ലിസ്റ്റില്‍ അജീഷും ഉള്‍പ്പെടുന്നത്. ആ വിവരം അറിഞ്ഞ അന്നുതന്നെ അഭിമുഖ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും അജീഷ് ആരംഭിച്ചു. കാത്തിരുന്നു കിട്ടിയ കനി കൈവഴുതിപോകാതെ നോക്കണമല്ലോ?
ഇതിനിടെയെല്ലാം അഭിമുഖത്തിന്റെ തീയതി ആയോ എന്ന് അജീഷ് പി.എസ്.സി ഓഫീസില്‍ തിരക്കുന്നുമുണ്ട്. ഒടുവില്‍ ആ ദിനം സമാഗതമായതായി ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് അജീഷ് അറിഞ്ഞത്. പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുചോദിച്ചാല്‍ ആ സുദിനം എന്നാണെന്ന് അറിയാമെന്നും കൂട്ടുകാരന്‍ പറഞ്ഞതോടെ അജീഷിന് ആകാംഷയായി. പി.എസ്.സി ഓഫീസിലേക്ക് അജീഷിന്റെ വിളിചെല്ലാന്‍ ഒട്ടും താമസമുണ്ടായില്ല.
സമയമപ്പോള്‍ വൈകുന്നേരം 2.30 ആയതേയുള്ളു. ആദ്യശ്രമത്തില്‍തന്നെ എന്‍ക്വയറി ഓഫീസിലേക്ക് അജീഷിന് കണക്ഷന്‍കിട്ടി. താന്‍ ഭാഗ്യവാന്‍തന്നെയെന്ന് മനസില്‍ ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടാണ് തന്റെ ആവശ്യം അജീഷ് ഫോണെടുത്ത ഉദ്യോഗസ്ഥന് മുന്നില്‍ നിരത്തിയത്. "ഹോള്‍ഡ് ചെയ്യു, ഫോണ്‍ സെക്ഷനിലേക്ക് കണക്ട് ചെയ്യാം'' സൌമ്യമായ ഭാഷയില്‍ ഉദ്യോഗസ്ഥന്‍ മൊഴിഞ്ഞപ്പോഴും തീയതി അറിയാനുള്ള ആകാംഷയിലായിരുന്നു അജീഷ്. അകത്തേക്കു പോയ ടെലഫോണിലെ സംഗീതം അതേവേഗതയില്‍ തിരിച്ചെത്തി. സെക്ഷനില്‍ തിരക്കാണ്. അഞ്ച് മിനിട്ടു കഴിഞ്ഞു വിളിക്കാമേയെന്ന എന്‍ക്വയറി കൌണ്ടറിലെ ഉദ്യോഗസ്ഥന്റെ അപേക്ഷ സ്വീകരിക്കുകയേ അജീഷിന് നിര്‍വാഹമുണ്ടായിരുന്നുള്ളു.
വാച്ചില്‍നിന്നും കണ്ണെടുക്കാതിരുന്ന അജീഷ് കൃത്യം അഞ്ച് മിനിട്ട് ആയപ്പോള്‍ വീണ്ടും ഫോണ്‍ ഡയല്‍ ചെയ്തു. ഇത്തവണയും അനുഭവം പഴയതുതന്നെ. അഞ്ച് എന്നത് 10 ആയെന്നു മാത്രം. അവിടെയും തീര്‍ന്നില്ല ആവര്‍ത്തന വിരസത. മൂന്ന് തവണകൂടി വിളിയെത്തിയതോടെ പി.ആര്‍.ഒയുടെ നേരിട്ടുള്ള ടെലഫോണ്‍ നമ്പര്‍ നല്‍കി എന്‍ക്വയറിയിലെ ഉദ്യോഗസ്ഥന്‍ തന്റെ നിസഹായകത വെളിപ്പെടുത്തി.
"എങ്കിലെന്ത്, പി.ആര്‍.ഒയുടെ നേരിട്ടുതന്നെയുള്ള നമ്പര്‍ ലഭിച്ചല്ലോ. സമയം മൂന്നര മാത്രമല്ലേ ആയുള്ളു. ഇന്നുതന്നെ അദ്ദേഹത്തെ ഫോണില്‍ ലഭിക്കുമല്ലോ...'' അജീഷ് ആശ്വാസംകൊണ്ടു. പക്ഷേ കാര്യങ്ങളുടെ കിടപ്പ് അത്ര സുഗമമായിരുന്നില്ല. മൂന്നര മുതല്‍ ഫോണില്‍ റീഡയല്‍ ബട്ടണില്‍ തുടര്‍ച്ചയായി അമര്‍ത്തിക്കൊണ്ടിരുന്ന അജീഷിന്റെ കാതുകളില്‍ ടെലഫോണ്‍മണി മുഴങ്ങിയത് 4.15 ന് മാത്രമായിരുന്നു. അപ്പോഴും ആശ്വാസംകൊണ്ട അജീഷിന് പക്ഷേ മറുതലയ്ക്കല്‍ ടെലഫോണ്‍ബെല്ല് മുഴുവനും അടിച്ചുതീരുന്നതാണ് കേള്‍ക്കേണ്ടിവന്നത്. അതേവേഗതയില്‍ ഒരിക്കല്‍കൂടി അജീഷ് റീഡയലില്‍ കൈ അമര്‍ത്തി. ഇത്തവണ ആദ്യബെല്ലില്‍തന്നെ ഫോണ്‍ എടുക്കപ്പെട്ടു.
പക്ഷേ അത് ഒരു നാടകത്തിനുള്ള ആദ്യബെല്ലാണെന്ന് അജീഷ് അറിഞ്ഞിരുന്നില്ല. അയാളുടെ ആവര്‍ത്തിച്ചുള്ള 'ഹലോ' വിളികള്‍ക്ക് അപ്പുറത്തുനിന്നും കാര്യമായ പ്രതികരണം ലഭിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ, ആരെങ്കിലും എപ്പോഴെങ്കിലും ഫോണ്‍ എടുക്കുമെന്ന വിശ്വാസത്തില്‍ ആ ചെറുപ്പക്കാരന്‍ ലൈന്‍ കട്ട് ചെയ്തില്ല. അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും. മൂന്നുപേരും സജീവ ചര്‍ച്ചയിലാണ്, ആറുമണിക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച.
ഒരാള്‍ ഇപ്പോള്‍ പോയി ടിക്കറ്റെടുക്കും. മറ്റുരണ്ടുപേരും ആറുമണിയോടെ തമ്പാനൂരില്‍ എത്തിയാല്‍ മതി എന്നൊക്കെയാ ചര്‍ച്ചയുടെ പോക്ക്. ഇതിനിടെ ആ മുറിയിലേക്ക് കടന്നുവന്ന ആരോ ഒരാള്‍ ഫോണ്‍ മാറിയിരിക്കുന്ന കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ശല്യം അവിടിരിക്കട്ടെയെന്ന ബന്ധപ്പെട്ടവരുടെ മറുപടി ഇടിത്തീപോലെയാണ് അജീഷിന്റെ കര്‍ണങ്ങളില്‍ പതിച്ചത്. ആവശ്യക്കാരന് ഔചിത്യബോധമില്ലല്ലോ?, അജീഷ് എന്നിട്ടും ഫോണ്‍ കട്ടുചെയ്തില്ല. "ഫേണ്‍ മാറ്റിവച്ചിരിക്കുന്നതാണ്. അത് പിന്നീട് തിരിച്ചുവച്ചാല്‍മതി''- ഒടുവില്‍ നേരത്തേ ഇറങ്ങിയ ജനസേവകന്‍ ആര്‍ക്കോ നിര്‍ദ്ദേശവും കൊടുക്കുന്നതുംകേട്ടതോടെ ആ യുവാവ് തളര്‍ന്നു. ഇനി പ്രതീക്ഷിക്കണ്ടന്ന് മനസിലായതോടെ നിരാശനായി അജീഷ് ഫോണ്‍ താഴെവയ്ക്കുമ്പോള്‍ സമയം 4.40.
അടുത്തദിവസം രാവിലെ 10 ന് തന്നെ അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഒന്നേകാല്‍ മണിക്കൂറത്തെ പ്രയത്നത്തിനൊടുവിലാണ് പി.ആര്‍.ഒ ഓഫീസിലെ ടെലഫോണ്‍മണി ചിരിക്കുന്ന ശബ്ദം കേള്‍ക്കാനുള്ള ഭാഗ്യം അജീഷിന് ലഭിച്ചത്. ഫോണ്‍ എടുത്ത ആളോട് കാര്യം പറഞ്ഞു. പോസ്റ്റിന്റെ പേരും ഹാള്‍ടിക്കറ്റ് നമ്പരും എല്ലാം കൃത്യമായി പറഞ്ഞുകൊടുത്തു. കുറച്ചുസമയം മറുപടിയില്ല. അഞ്ച് മിനിട്ടു കഴിഞ്ഞുകാണും, അപ്പോള്‍ അതാ വരുന്നു അടുത്ത ചോദ്യം "ഹാള്‍ടിക്കറ്റ് നമ്പര്‍ ഒന്നുകൂടി പറയാമോ?'' അജീഷ് നമ്പര്‍ ആവര്‍ത്തിച്ചു. കുറച്ചുനേരത്തെ നിശബ്ദ്ധതയ്ക്കുശേഷം അവിടെനിന്നും ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.
അജീഷിന്റെ നമ്പര്‍ ലിസ്റ്റില്‍ കാണാനില്ലത്രേ. ഷോര്‍ട്ട് ലിസ്റ്റ് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും എന്നൊരു ഉപദേശവും ലഭിച്ചു. പി.എസ്.സിയുടെ സൈറ്റിലാണ് താന്‍ ലിസ്റ്റ് പരിശോധിച്ചതെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ താനും ലിസ്റ്റ് ഒന്നുകൂടി പരിശോധിക്കാമെന്നും തങ്കളും പരിശോധിക്കണമെന്നുമായി ഉദ്യോഗസ്ഥന്‍.
ഫോണ്‍ കട്ടുചെയ്ത അജീഷ് തളര്‍ച്ചയോടെയാണ് കട്ടിലിലേക്കുമറിഞ്ഞത്. തന്റെ ഇത്രയും ദിവസത്തെ പ്രയത്നം വൃഥാവിലായതല്ല, സര്‍ക്കാരിന്റെ ശമ്പളക്കാരനാകുകയെന്ന സ്വപ്നം മരീചികയാകുന്നതായിരുന്നു ആ യുവാവിനെ തളര്‍ത്തിയത്. ഈ സമയത്താണ് വീട്ടില്‍ കോളിംഗ് ബെല്‍ മുഴങ്ങിയത്. ആദ്യം കേട്ടില്ലെന്നുനടിച്ച് തിരിഞ്ഞുകിടന്നു. വീണ്ടും വീണ്ടും ബെല്‍ മുഴങ്ങിയതോടെ സ്വയം ശപിച്ചുകൊണ്ടാണ് അജീഷ് പോയി വാതില്‍ തുറന്നത്. മുന്നില്‍ പോസ്റ്റ്മാന്‍. പി.എസ്.സിയുടെ അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുമായി ചെല്ലാനുള്ള പി.എസ്.സിയുടെതന്നെ അറിയിപ്പുമായാണ് പോസ്റ്റ്മാന്‍ എത്തിയിരിക്കുന്നത്. ആ സുദിനത്തിന് ഇനി അവശേഷിക്കുന്നത് വെറും അഞ്ച് ദിവസം മാത്രവും. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായിപ്പോയി അജീഷ് അപ്പോള്‍.
പി.എസ്.സിക്കാരുടെ ശ്രദ്ധയ്ക്ക്: അജീഷ് എന്നത് യഥാര്‍ത്ഥപേരല്ല. അതുകൊണ്ട് ഏതെങ്കിലും അജീഷിനെ വേട്ടയാടരുതേ....
Comments
അനസിന്റെ കമന്റ് വായിച്ചില്ലേ.. ഏതോ വാര്‍ത്തക്കു വേണ്ടി വിളിച്ചപ്പോള്‍ തെറി കേട്ടതിന്റെ കലിപ്പായിരിക്കും...