കാത്തുനിന്ന കെ എസ് ആര്‍ ടി സി ബസ്
മ രണം കെ എസ് ആര്‍ ടി സി ബസുപോലെയാണ്. കയറണമെന്ന് ആഗ്രഹിക്കുന്നവന് അതില്‍ കയറാനാവില്ല. ചിലരൊക്കെ ചാടിക്കയറുമെങ്കിലും കൈകാണിക്കുന്നവന് മുന്നില്‍ അത് നിറുത്താറില്ല. വഴിയാത്രക്കാരന്റെയും മുറുക്കാന്‍ കടയില്‍ വാചകമടിച്ചുനില്‍ക്കുന്നവന്റെയും മുന്നില്‍ നിര്‍ത്തുകയും ചെയ്യും. അവന്റെ ജീവനും കൊണ്ടായിരിക്കും തുടര്‍ പ്രയാണം. ദിനേശന്റെ ചിന്താഗതികള്‍ ഇങ്ങനെയൊക്കെയാണ്. തളത്തില്‍ ദിനേദശനല്ല, കണ്ണോത്ത് ദിനേശന്‍. എന്റെ സഹപാഠി. ആള്‍ ചിന്തകനോ വിമര്‍ശകനോ അല്ല. അതിനുവേണ്ട പഠിപ്പും അവനില്ല. ചൂണ്ടിക്കാട്ടാന്‍ കളങ്കങ്ങള്‍ ഏറെ അവനിലുണ്ട്. എങ്കിലും അവനെപ്പോലൊരു നിഷ്‌കളങ്കനെ കണ്ടെത്തുക പ്രയാസം. കുട്ടിക്കാലം മുതലേ അവന്റെ പാത വേറിട്ടതായിരുന്നു. അച്ചുനിരത്തിയ പാഠപുസ്‌തകം കാണാതെ പഠിക്കാന്‍ അവന്‍ തയ്യാറായിട്ടില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളാണ് എന്നും അവന്റെ കൈമുതല്‍. സ്വയം ആര്‍ജിക്കുന്ന ഈ ജ്ഞാനം സഹപാഠികള്‍ക്ക് പകര്‍ന്നുകൊടുക്കലായിരുന്നു അവന്റെ വിനോദം. സ്വന്തം ജീവിതാനുഭവങ്ങള്‍ ഉത്തരക്കടലാസില്‍ പകര്‍ന്നുവയ്‌ക്കുന്നവന് മാര്‍ക്കുനല്‍കാന്‍ മാത്രമുള്ള ഉദാരമനസ്‌കത അധ്യാപകര്‍ക്കില്ലാതിരുന്നതുകൊണ്...