കടലോളം തിര'യോളം'
ആകാശ നീലിമയോളം പരന്നുകിടക്കുന്ന കടല്‍, തിരമാലകളുടെയും കരയിലേക്ക് വീശുന്ന കാറ്റിന്റെയും മര്‍മ്മരം, കരയില്‍നിന്നും വീക്ഷിക്കുമ്പോള്‍ ദൃശ്യമാകുന്ന ആകാശത്തിന്റെയും കടലിന്റെയും സംഗമവേദിയിലൂടെ മുങ്ങാംകുഴിയിടുന്ന സൂര്യന്‍, കാല്‍പാദങ്ങളെ തഴുകുന്ന തിരമാലകള്‍... യാതൊരാളുടെയും ഒരു ദിവസത്തെ സായംസന്ധ്യ സമ്പൂര്‍ണമാകാന്‍ ഇതുതന്നെ ധാരാളം. നിഗൂഡതകള്‍ ഏറെ ഒളിപ്പിച്ചുവച്ചിട്ടുണ്ട് കടല്‍ തന്റെ മടിത്തട്ടില്ലെന്നാണ് പറയുന്നത്. അത്രത്തോളം രഹസ്യം കടല്‍ പരപ്പിലും ഒളിഞ്ഞുകിടപ്പുണ്ടെന്നതാണ് മറ്റൊരു സത്യം. പ്രത്യേകിച്ച് കടല്‍തിരകളില്‍. പറയുവാനാണെങ്കില്‍ കടലോളംതന്നെയുണ്ടാവും കടല്‍ തിരകളെ കുറിച്ചും.
ശാസ്ത്രീയമായി പറഞ്ഞാല്‍ കാറ്റുമൂലമോ, ഭൂകമ്പംമൂലമോ ജലാശയങ്ങളുടെ ഉപരിതലത്തിലുണ്ടാകുന്ന ജലതരംഗമാണ് തിര. ഒരു മാലയില്‍ കോര്‍ത്തിണക്കിയപോലെ ഒന്നിനുപുറകേ ഒന്നായി വരുന്നതിനാല്‍ തിരമാലയെന്നും വിളിക്കാം. ജലപ്പരപ്പിന്റെ പ്രതല വിസ്തീര്‍ണവും വായുപ്രവാഹത്തിന്റെ സ്വാധീനവുമാണ് തിരകളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. എണ്ണം, നീളം, ഉയരം, ശക്തി എന്നിവയെല്ലാം ഇതിനെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, ഭൂപ്രകൃതി, സമുദ്രജല പ്രവാഹങ്ങള്‍, സുനാമി, ഭൂകമ്പം, സമുദ്രാന്തര്‍ഭാഗത്തുള്ള അഗ്‌നിപര്‍വതങ്ങള്‍ തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങള്‍ എന്നിവയും തിരമാലകളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. സമുദ്രതീരത്ത് കാണപ്പെടുന്ന തിരമാലകളില്‍ ഭൂരിപക്ഷത്തിനും ജന്മം നല്‍കുന്നത് കാറ്റാണ്. ഇങ്ങനെ രൂപപ്പെടുന്ന തിര കരയിലെത്തുക അനേകായിരം കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരിക്കും. ഒരിക്കല്‍ ഒരു തിര രൂപപ്പെട്ടുകഴിഞ്ഞാല്‍ അത് കരയില്‍ എത്തുന്നതുവരെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും. ഇതിന് തടസം നില്‍ക്കാന്‍ പിന്നീട് വഴിമാറി വീശുന്ന വായുപ്രവാഹങ്ങള്‍ക്ക് കഴിയില്ല.
അതുപോലെതന്നെ കടല്‍ത്തിരകളെ ഇഷ്ടപ്പെടാത്തവരും വിരളമായിരിക്കും, അത് മലനാടിലുള്ളവരായാലും തീരദേശ നിവാസികളായാലും. മനസ് ശാന്തമാകുമ്പോഴും സംഘര്‍ഷഭരിതമാകുമ്പോഴും ആരും ആദ്യം തിരഞ്ഞെടുക്കുക ഏതെങ്കിലും കടല്‍തീരമാവും. അത്രത്തോളം നമ്മുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് കടല്‍ത്തിരകള്‍. നമ്മുടെ ജീവിതം കടന്നുപോകുന്ന ഓരോ അനുഭവങ്ങളുടെയും നേര്‍ചിത്രം തന്നെ വരച്ചിടുന്നുണ്ട് ഈ തിരമാലകള്‍. ഏഴാം തിരമാല വരെ നീളുന്ന ഒരു ആവൃതി ഉപയോഗിച്ച് നവരസങ്ങളും പ്രകൃതിയെന്ന വിശാല വേദിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ കടല്‍ത്തിരകളോളം വൈഭവം മറ്റാര്‍ക്കുമില്ല തന്നെ. തിരകളെക്കുറിച്ച് പറയാനാണെങ്കില്‍ കടലോളം പറയാനുണ്ടാവും. അതില്‍ ഒരു തിരയോളം പറയുവാനുള്ള പരിശ്രമമാണിവിടെ നടത്തുന്നത്.
ആഘോഷമാവാം, മോഹമരുതെന്ന് ജുഹു ബീച്ച്
സെലിബ്രിറ്റികളുടെ ശാന്തമായ ജീവിതംപോലെയാണ് മുംബൈയിലെ ജുഹു ബീച്ച്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ബീച്ചും. ഈ ശാന്തത ജുഹുവിലുടനീളം കാണാന്‍ സാധിക്കും. ഇക്കാരണത്താലാണ് ജുഹു സിനിമ, ക്രിക്കറ്റ് സെലിബ്രിറ്റികളുടെ വസതികളാല്‍ നിറയുന്നതും. രാവിലെ ജുഹു ബീച്ചില്‍ ജോഗിംഗിനെത്തുന്ന സെലിബ്രിറ്റികള്‍ ഇവിടെ സാധാരണ കാഴ്ചയാണ്. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജുഹു ബീച്ച് വെര്‍സോവ വരെ ആറ് കിലോമീറ്ററോളം തീരമാണ് സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിട്ടുള്ളത്. 19ാം നൂറ്റാണ്ടില്‍, ജുഹു വെറും ദ്വീപ് മാത്രമായിരുന്നു. സാല്‍സെറ്റിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്നും സമുദ്രനിരപ്പിന് ഏകദേശം രണ്ട് മീറ്റര്‍വരെ ഉയരത്തിലുള്ള നീളമേറിയതും ഇടുങ്ങിയതുമായ ഒരു മണല്‍പ്പരപ്പ്. ഇന്ന് 'ബോളിവുഡിന്റെ ബെവര്‍ലി ഹില്‍സ്' എന്നറിയപ്പെടുന്ന ജുഹുവിന്റെ അതിരുകള്‍ പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് വെര്‍സോവ, കിഴക്ക് വൈല്‍ പാര്‍ലെ, തെക്ക് സാന്താക്രൂസ് എന്നിങ്ങനെയാണ്.ഇന്ത്യയിലെ സിവില്‍ ഏവിയേഷന്റെ പിതാവായ ജെആര്‍ഡി ടാറ്റയുടെ പിതാവ് ജംസെറ്റ്ജി ടാറ്റായുടെ കണ്ണ് ഈ ഭൂമിയില്‍ പതിഞ്ഞതോടെയാണ് ജുഹുവിന്റെ തലവര മാറിയത്. 1890 കളിലാണ് ജംസെറ്റ്ജി ഇവിടെ ഭൂമി വാങ്ങുന്നത്. അവിടെ ബംഗ്ലാവ് നിര്‍മിച്ച അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് നീണ്ടുകിടക്കുന്ന തുറന്നുകിടക്കുന്ന ബീച്ചുകളാണ്. ഇത് സമാധാന ജീവിതം ആഗ്രഹിക്കുന്ന അതിസമ്പന്നരെ ആകര്‍ഷിക്കുമെന്ന് മനസിലാക്കിയ അദ്ദേഹം 1,200 ഏക്കര്‍ ഭൂമിയില്‍ ഈ പ്രദേശം വികസിപ്പിക്കുന്നതിനും പദ്ധതിയിട്ടു. ഒരേക്കര്‍ വീതമുള്ള 500 പ്ലോട്ടുകളും കടല്‍ത്തീര വിശ്രമ കേന്ദ്രവും ഉള്‍പ്പെടുന്നതായിരുന്നു പദ്ധതി. കോസ്‌വേ സാന്താക്രൂസിലേക്ക് നീട്ടുന്നതും അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടുവെങ്കിലും ജുഹു അതിനകം കുതിച്ചുയര്‍ന്നു തുടങ്ങിയിരുന്നു. ജെആര്‍ഡി ടാറ്റായുടെ കാലത്താണ് ബോംബെ ഫ്‌ളയിംഗ് ക്ലബ് ആരംഭിക്കുന്നത്. അതാണ് ഇന്നത്തെ ജുഹു വിമാനത്താവളം. 1932 ഒക്ടോബര്‍ 15 ന് തന്റെ ആദ്യ യാത്ര അദ്ദേഹം നടത്തിയത് കറാച്ചിയിലെ ദ്രിഗ് റോഡ് എയര്‍സ്ട്രിപ്പില്‍ നിന്ന് അഹമ്മദാബാദ് വഴി ജുഹു വിമാനത്താവളത്തിലേക്കാണ്. ഇന്ന് അമിതാഭ്ബച്ചന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരടക്കമുള്ള അതിസമ്പന്നരുടെ താമസിക്കുന്ന മെട്രോപൊളിറ്റന്‍ നഗരമായി ജുഹു മാറിക്കഴിഞ്ഞു.
വര്‍ഷം മുഴുവനും ഒരേ കാലാവസ്ഥ എന്നതാണ് ജുഹു ചൗപാട്ടിയെന്നും വിളിക്കപ്പെടുന്ന ജുഹുവിന്റെ പ്രത്യേകത. വേനല്‍ക്കാലത്ത് പരമാവധി 33 ഡിഗ്രി സെഷ്യല്‍സ് വരെയാണ് ചൂടുണ്ടാവുക. കുറഞ്ഞത് 25 ഡിഗ്രി സെഷ്യല്‍സും. മണ്‍സൂണ്‍ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍വരെയുള്ള കാലയളവിലാണ്. അതേസമയം ഏത് കാലത്തും ഏത് സമയത്തും സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷം മുഴുവനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബീച്ചാവട്ടെ എല്ലായ്‌പ്പോഴും കാര്‍ണിവല്‍ അനുഭൂതിയാണ് സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. സിനിമകളുടെ ചിത്രീകരണത്തിനുള്ള കേന്ദ്രം കൂടിയാണ്. ഇസ്‌കോണ്‍ ജുഹു, പൃഥി തിയേറ്റര്‍, ശ്രീ സിദ്ധിവിനായക ക്ഷേത്രം തുടങ്ങിയവയുടെ സാമീപ്യവും വാര്‍ഷിക ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. കാഴ്ചയ്ക്കും കുളിക്കുന്നതിനും സ്വാദിഷ്ടമായ തെരുവ് ഭക്ഷണത്തിനും പേരുകേട്ടതാണ് ഈ കടല്‍ത്തീരം. പാരാസൈലിംഗ്, ജെറ്റ് സ്‌കീയിംഗ്, ബേര്‍ഡ്‌സ് ഐ വ്യൂ തുടങ്ങി നിരവധി ജലകായിക ക്രീഡകളും കുട്ടികളുടെ റൈഡുകള്‍, ക്രിക്കറ്റ് മത്സരങ്ങള്‍, കളിപ്പാട്ട വില്‍പ്പന, മേളകള്‍ എന്നിവയും ഇവിടുണ്ട്.
ശാന്തമായ അന്തരീക്ഷവും താളാത്മകമായ തിരമാലകളുമാണ് പ്രധാന ആകര്‍ഷണം. 24 മണിക്കൂറും തുറന്നിട്ടിരിക്കുന്ന ഈ കടല്‍ത്തീരത്ത് ഉടനീളം നിരവധി ചെറിയ പ്രവേശന കവാടങ്ങളുണ്ട്. പ്രധാന പ്രവേശന കവാടം വിന്ദാം പാം ഗ്രോവിന്റെ ഹോട്ടല്‍ റമദ പ്ലാസയ്ക്ക് സമീപത്തുള്ളതാണ്. ഈ പ്രധാന ബിച്ചിലൊഴികെയുള്ള കടല്‍ത്തിരങ്ങളിലേക്ക് രാത്രി പ്രവേശനം അധികൃതര്‍ നിരുത്സാഹപ്പെടുത്താറുണ്ട്. ഇവിടങ്ങളിലേക്കുള്ള പാതകള്‍ സുരക്ഷിതമല്ലാത്തതിനാലാണത്. വേലിയേറ്റ - ഇറക്ക സമയങ്ങളില്‍, പ്രത്യേകിച്ച് മണ്‍സൂണ്‍ കാലങ്ങളില്‍ മാത്രമാണ് ചെറിയ നിയന്ത്രണമുള്ളത്. സമാധാനപൂര്‍ണമുള്ള മനുഷ്യജീവിതത്തെയാണ് ജുഹു ഓര്‍മ്മിപ്പിക്കുന്നത്. ചെയ്യുന്ന തൊഴിലില്‍ തുടര്‍ന്ന് പോകുക. കിട്ടുന്നതില്‍ സംതൃപ്തരാവുക. ജീവിതത്തിന് നിറംപകരാനായി ആഘോഷങ്ങളാവാം, എന്നാല്‍ മോഹങ്ങള്‍ അരുത്. മോഹിച്ചാല്‍ പ്രശ്‌നങ്ങളുടെ വേലിയേറ്റമോ ഇറക്കമോ നേരിടേണ്ടി വന്നേക്കാമെന്ന് ജുഹു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മുംബൈയിലെ 'ക്വീന്‍സ് നെക്‌ലേസ്'
ജുഹു ബീച്ചിനോളം പ്രാധാന്യമുള്ള കടല്‍ത്തീരമാണ് നേതാജി സുബാഷ് ചന്ദ്രബോസ് റോഡ് എന്ന പഴയ മറൈന്‍ ഡ്രൈവ്. ആസൂത്രണത്തിലെപിഴവുമൂലം ഉപേക്ഷിക്കപ്പെട്ട പ്രദേശത്തുനിന്നും തദ്ദേശവാസികള്‍ കണ്ടെടുത്ത 'ക്വീന്‍സ് നെക്‌ലേസ്' പിന്നീട് വിനോദസഞ്ചാരികള്‍കൂടി ഏറ്റെടുത്തതോടെ പുതിയ പദ്ധതികളും നിര്‍മിതികളും കടന്നുവന്നു. ഇന്ന് മുംബൈയുടെ ജനജീവിതത്തിന്റെ പരിഛേദമായി ഈ മേഖല മാറിക്കഴിഞ്ഞു. രാത്രിയില്‍ മറൈന്‍ ഡ്രൈവിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നത് ദൂരത്തുനിന്നും വീക്ഷിക്കുന്നത് മനോഹര കാഴ്ച്ചയാണ്. മുത്തുകളും രത്‌നങ്ങളും കോര്‍ത്തിണക്കി നിര്‍മിച്ച ഒരു മാലപോലെ ഈ പ്രദേശം കാണപ്പെടും. ഇതുതന്നെയാണ് ക്വീന്‍സ് നെക്‌ലേസ് എന്ന വിളിപ്പേര് കിട്ടാനും കാരണം. വോര്‍ളി കോട്ട, ഹാജി അലി ദര്‍ഗ, പാഴ്‌സിഗേറ്റ് തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങളും ഒരു കാലത്ത് കെന്നഡി കടല്‍മുഖം എന്നറിയപ്പെട്ടിരുന്ന മറൈന്‍ ഡ്രൈവിലുണ്ട്.
ദക്ഷിണ മുംബൈയില്‍ നരിമാന്‍ പോയിന്റ് മുതല്‍ മലബാര്‍ ഹില്‍ വരെ ഇംഗ്ലീഷ് അക്ഷരമാലയിലെ 'സി'യുടെ മാതൃകയില്‍ കടലിന് അരികുചേര്‍ന്ന് വളഞ്ഞുകിടക്കുന്ന പ്രദേശം. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രട്ടീഷ് ഗവണ്‍മെന്റാണ് മറൈന്‍ ഡ്രൈവ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ബാക്ക് ബേ പദ്ധതിയുടെ ഭാഗമായിരുന്നു മറൈന്‍ഡ്രൈവ്. പക്ഷേ ആസൂത്രണത്തില്‍ പിഴവ് വന്നത് പദ്ധതിക്ക് തിരിച്ചടിയായി. ഒടുവില്‍ ഉപേക്ഷിച്ച 17 ഏക്കര്‍ ഭൂമിയാണ് മറൈന്‍ഡ്രൈവ് ആയി രൂപാന്തരം പ്രാപിച്ചത്. 3.6 കിലോമീറ്റര്‍ റോഡിനരികിലായി വീതിയേറിയ ഒരു നടപ്പാതയുണ്ട്. അതിന്റെ അരികില്‍ വരിയായി നട്ടു വളര്‍ത്തിയ പനമരങ്ങളും ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.
കടല്‍ഭിത്തിയെയുംതാണ്ടി വഴിയാത്രക്കാരെ തന്റെ കരങ്ങള്‍കൊണ്ട് ആലിംഗനം ചെയ്യാനായി റോഡിലേക്ക് കടന്നുവരുന്ന കടല്‍തിരമാലകളെ നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും നാം കണ്ടിട്ടുണ്ട്. അധോലോകത്തിന്റെ കഥ പറയുന്ന സിനിമ, അതേത് ഭാഷയിലായാലും ഏതെങ്കിലും ഒരു സീനില്‍ മറൈന്‍ഡ്രൈവിന്റെ സ്വന്തം തിരമാലകളും ഉണ്ടാവും. അത്രത്തോളം മുംബൈ നിവാസികളുടെ ജീവിതവുമായി ചുറ്റുപിണഞ്ഞുകിടക്കുകയാണ് മറൈന്‍ഡ്രൈവും ഈ തിരമാലകളും. ഇവിടെ അറബിക്കടല്‍ പൊതുവേ ശാന്തമാണെങ്കിലും ജുഹു ബീച്ചില്‍നിന്നും വ്യത്യസ്തമായൊരു മുഖവും മറൈന്‍ ഡ്രൈവ് ഒരുക്കിവച്ചിട്ടുണ്ട്. മഴക്കാലത്ത് കടല്‍ഭിത്തികളിലേക്ക് അടിച്ചുകയറുന്ന തിരമാലകള്‍ ജീവിതത്തിന്റെ മറ്റൊരു തലമാണ് വരച്ചുകാട്ടുന്നത്. ശക്തിയേറിയ ഈ തിരമാലകള്‍ പക്ഷേ അധികം അപകടം സൃഷ്ടിക്കാറില്ല. കടല്‍ഭിത്തിക്കും കടലിനും ഇടയിലായി മുഴുവന്‍ ദൂരവും അടുക്കുവച്ചിട്ടുള്ള ടെട്രാപോഡുകളാണ് ഇതിന് കാരണം.
മനുഷ്യജീവിതത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന പ്രയാസങ്ങളുടെ സ്വഭാവമാണ് ഈ തിരകള്‍ക്ക്. റോഡരികിലെ പരപ്പെറ്റുകളിലിരുന്ന് കടല്‍ ആസ്വദിക്കുന്നത് ഒരു സാധാരണ ജീവിതം പോലെയായി സങ്കല്‍പ്പിക്കാം. എന്നാല്‍ മഴമേഘങ്ങള്‍ കറുത്തുവരുന്നത് കാണാനും അതനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാനും നമുക്ക് സാധിക്കും. ജീവിതത്തിലും ഇതുപോലെതന്നെയാണ്. ചില പ്രയാസങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിപോലുള്ളവ നമ്മളിലേക്ക് അടുത്തുവരുന്നത് മുന്‍കൂട്ടിതന്നെ കാണാനാവും. അത് ജീവിതത്തിലുണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടിന്റെ പരമാവധിയെന്തായിരിക്കുമെന്ന് ചിന്തിക്കാനും അതിന്റെ ആഘാതം പരമാവധി കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും നമുക്ക് സമയം നല്‍കിക്കൊണ്ടുള്ള ഒരു ആക്രമണം. അതായത് ശാന്തമായ ജീവിതവും മുന്നറിയിപ്പോടെ നമ്മെ സമീപിക്കുന്ന ജീവിത പ്രയാസങ്ങളുമാണ് മറൈന്‍ഡ്രൈവിലെ തിരമാലകള്‍ ഓര്‍മ്മിപ്പിക്കുന്നത്.
ജീവിതത്തിലേക്കൊരു കടല്‍പാലം
അടല്‍ േസതുവരെയായിരിക്കും മനസില്‍ ആദ്യം ഒടിയെത്തുക. എന്നാല്‍ ഇവിടെ ആ പാലമല്ല. മത്സ്യബന്ധനത്തിനും മറ്റും ഉപയോഗിക്കുന്ന, കടലിലേക്ക് 500 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ ദൂരംവരെ തള്ളിനില്‍ക്കുന്ന കടല്‍പാലങ്ങളെക്കുറിച്ചാണ്. ഒരു കാലത്ത് കടല്‍ മുഖേനെയുള്ള വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും ഇപ്പോള്‍ അത്ര ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന പാലങ്ങള്‍. കേരളത്തില്‍ തിരുവനന്തപുരം വലിയതുറ മുതല്‍ കണ്ണൂര്‍ തലശേരിയില്‍വരെ ഇത്തരം കടല്‍പ്പാലങ്ങള്‍ ഇപ്പോഴും കാണാം. ചരിത്രശേഷിപ്പുകളായി മാറുന്ന ഇവയില്‍ പലതും അപകടഭീക്ഷണി നേരിടുന്നുമുണ്ട്. വലിയതുറ കടല്‍പാലം രണ്ടായി മുറിഞ്ഞത് അടുത്തിടെയാണ്.
പണ്ടുകാലത്ത് ആഴക്കടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍നിന്നും കയറ്റുന്ന സാധന സാമഗ്രികള്‍ പത്തേമാരികളിലും മറ്റുമായി തീരത്തോട് അടുപ്പിച്ചശേഷം കരയ്‌ക്കെത്തിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ പാലങ്ങള്‍. തിരിച്ച് കയറ്റുമതിക്കും ഇതേ മാര്‍ഗം സ്വീകരിച്ചിരുന്നു. ചില പ്രദേശങ്ങളില്‍ കപ്പലുകള്‍തന്നെ പാലത്തിനടുത്തുവരെ വന്നിരുന്നുവെന്നുവേണം മനസിലാക്കാന്‍. വലിയതുറയില്‍ 1825 ല്‍ നിര്‍മ്മിച്ച ഇരുമ്പ് കടല്‍പാലം 1947 ല്‍ കപ്പല്‍ ഇടിച്ചുതകര്‍ന്നതാണ്. അക്കൊല്ലം നവംബര്‍ 23-ന് എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കുകപ്പലുണ്ടാക്കിയ ആ അപകടത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് ഈ പ്രദേശം വഴിയുള്ള ചരക്കു കടത്തല്‍ നിലച്ചത്. ഇന്നുള്ള കടല്‍പ്പാലം 1956 ലാണ് നിര്‍മിച്ചത്. അതാണ് ഇപ്പോള്‍ തകര്‍ന്നത്. ഏതായാലും കാലം മാറിയതോടെ ഈ കടല്‍ പാലങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. ഇപ്പോള്‍ മത്സ്യത്തൊഴിലാളികളാണ് ഈ പാലം ഉപയോഗിക്കുന്നത്. കടല്‍ ശാന്തമായ സമയത്ത് ചൂണ്ടയിടാനും കലികൊണ്ടു നില്‍ക്കുന്ന സമയങ്ങളില്‍ കട്ടമരംപോലുള്ള ചെറുവള്ളങ്ങള്‍ കടലിലിറക്കാനും.
കടല്‍പാലങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ഹരമാണെങ്കിലും അവിടേക്ക് പൊതുജനത്തിന് സാധാരണ പ്രവേശനം അനുവദിക്കാറില്ല. അപകടസാധ്യതതന്നെയാണ് പ്രധാനകാരണം. എങ്കിലും മൂന്ന് പതിറ്റാണ്ടുമുമ്പ്, കോളജ് പഠനകാലത്ത് ഞങ്ങളുടെ സ്ഥിരം വേദിയായിരുന്നു വലിയതുറ കടല്‍പാലം. പ്രദേശവാസിയായ സഹപാഠിയുടെ സഹായത്തോടെ. വൈകുന്നേരങ്ങളില്‍ കടല്‍പാലത്തിന് മുകളില്‍ ആ കാറ്റേറ്റു, സിഗരറ്റ് വലിച്ച്, വെടിപറഞ്ഞുനിന്നത് ഓര്‍ക്കുന്നതുതന്നെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പകര്‍ന്നുനല്‍കുന്നതാണ്. കടലില്‍പോകുന്ന മത്സ്യതൊഴിലാളികള്‍ എന്തുകൊണ്ട് ബീഡി ഉപയോഗിക്കുന്നു എന്ന് മനസിലായതും അക്കാലത്താണ്. ശക്തമായ കാറ്റില്‍ സിഗരറ്റ് പെട്ടെന്ന് കത്തിത്തീരുമെന്നതുതന്നെ കാരണം. ഇതേ കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരയുടെയും കാറ്റിന്റെയും സ്വഭാവം മാറും. തിരമാലകള്‍ പാലത്തിനും മുകളിലേക്ക് അടിച്ചുകയറിവരും. അന്നേരം പാലം മൊത്തത്തില്‍ ഒന്നു കുലുങ്ങും. ശക്തമായ കാറ്റും കൂടിയാകുമ്പോള്‍ വീണുപോകാനും സാധ്യതയേറെ. അതുകൊണ്ടുതന്നെ പാലത്തിന്റെ വശങ്ങളിലേക്ക് പോകുന്നത് അപകടകരമാണ്.
ഇത്തരം കാലാവസ്ഥയിലാണ് കടലില്‍ മത്സ്യബന്ധനത്തിന് പോകാനായി മത്സ്യത്തൊഴിലാളികള്‍ കടല്‍പാലത്തെ തെരഞ്ഞെടുക്കുന്നത്. കട്ടമരം കടലിലിറക്കുന്നതിനും അതില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനും പ്രത്യേകരീതികളുണ്ട്. കരയിലേക്ക് വരുന്ന തിര വിശ്വരൂപത്തിലേക്കു മാറുന്ന സ്ഥലവും കഴിഞ്ഞുള്ള ഭാഗംവരെ കടല്‍പാലത്തിന് അവരെ എത്തിക്കാനാവും. പാലത്തിലിടിച്ച് പിന്‍വാങ്ങുന്ന തിരയും പുറകേ വരുന്ന തിരയും മനസിലാക്കി, അതിന്റെ ഒരു നിശ്ചിത സമയത്താണ് ആദ്യ മത്സ്യത്തൊഴിലാളി കടലിലേക്ക് ചാടുക. കട്ടമരം കെട്ടിയ കയറും അരയില്‍ കെട്ടിയിട്ടുണ്ടാവും. രണ്ടാംതിരയുടെ അടിയിലൂടെ മുങ്ങാംകുഴിയിടുന്ന അയാള്‍ സുരക്ഷതമായ സ്ഥലത്ത് എത്തുമ്പോള്‍ നിലവെള്ളം ചവിട്ടുകയും സഹപ്രവര്‍ത്തകര്‍ കട്ടമരം താഴേക്ക് തള്ളിയിടുകയും ചെയ്യും. മുമ്പ് പറഞ്ഞ സമയക്രമം ഇതിനും പാലിക്കും. ഇല്ലെങ്കില്‍ അടുത്തതിരയില്‍ ആ ചെറുവള്ളം കടല്‍പാലത്തിന്റെ ഭിത്തിയിലിടിച്ച് തകരും. ആദ്യ ആള്‍ കയറുപയോഗിച്ച് വള്ളം തന്നിലേക്ക് അടുപ്പിക്കുകയും സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി നീന്തിചെന്ന് അതില്‍ കയറുകയും ചെയ്യും.
ഈ കടല്‍പാലങ്ങളും തിരകളും മത്സ്യത്തൊഴിലാളികളും നമ്മെ പഠിപ്പിക്കുന്ന ജീവിതപാഠമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ആര്‍ത്തലച്ചുവരും. രൗദ്രഭാവം പൂണ്ട തിലരമാലകളെപ്പോലെ കൂടുതല്‍ ശക്തിയോടെ, കൂടുതല്‍ ഉയരത്തില്‍... ഭയന്നോടരുത്, പരിഭ്രാന്തരാകുകയുമരുത്. വികാരമല്ല, വിവേകമാണ് ഇവിടെ അഭികാമ്യം. സമാധാനപൂര്‍വം ചിന്തിച്ചാല്‍ ആ പ്രശ്‌നങ്ങളില്‍നിന്നും രക്ഷനേടുന്നതിനുള്ള മാര്‍ഗം കണ്ടെത്താനാവും. ആ മാര്‍ഗം ഉപയോഗിക്കുക. ഏങ്കില്‍ ഈ പ്രശ്‌നങ്ങള്‍തന്നെ നമ്മളെ ജീവിതത്തിന്റെ സുരക്ഷിത ഭാഗത്തേക്ക് എത്തിക്കും. ഉള്‍വലിയുന്ന തിരകളുടെ ശക്തിയില്‍ മത്സ്യത്തൊഴിലാളികളും വള്ളവും സുരക്ഷിതകേന്ദ്രത്തില്‍ എത്തുന്നതുപോലെ.
വിജയവഴി കാട്ടാന്‍ ലക്ഷദ്വീപിലെ തിരമാലകള്‍
വിനോദസഞ്ചാരികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പവിഴദ്വീപ സമൂഹത്തില്‍ ആകെ 32 ചതുരശ്ര കിലോമീറ്ററിലായി 36 ദീപുകളാണുള്ളത്. അതില്‍ 12 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയിട്ടുള്ളതാവട്ടെ വെറും അഞ്ച് ദ്വീപുകള്‍ മാത്രവും. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയും കവാടമായ അഗത്തിയും രാജീവ് ഗാന്ധിയുടെ സന്ദര്‍ശനത്താല്‍ ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ ബംഗാരവും കണ്ടിരിക്കേണ്ട ദ്വീപുകളാണ്. അനാര്‍ക്കലി സിനിമയില്‍ കാണുന്ന ലൈറ്റ്ഹൗസ്, ആളില്ലാത്ത ജയില്‍, ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം എന്നിവ കാണുന്നതിനൊപ്പം കടല്‍ത്തീരങ്ങളില്‍ നീന്തല്‍, സ്‌കൂബ പ്ലംഗിംഗ്, കയാക്കിംഗ്, ആംഗ്ലിംഗ്, ക്രൂയിസിംഗ്, വാട്ടര്‍ സ്‌കീയിംഗ് എന്നിവയും ആസ്വാദനത്തിന്റെ മറ്റൊരുതലം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കും. ദ്വീപ സമൂഹത്തില്‍ ഏറ്റവും ചെറുതും ഒറ്റപെട്ടതുമായ ബിത്രയിലാണ് ഏറ്റവും വലിയ കായലുള്ളതെന്നതും കൗതുകകരമാണ്.
ദ്വീപുകാരുടെ പ്രധാന ജോലികളിലൊന്ന് മത്സ്യബന്ധനമാണ്. അവരുടെ ഏതു സമയത്തുമുള്ള ആഹാരത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത മത്സ്യമാണ് ചൂര അഥവാ ട്യൂണ. എന്നാല്‍ മത്സ്യബന്ധനത്തിന് അവര്‍ വല ഉപയോഗിക്കാറില്ല, പകരം ചൂണ്ടയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ നിലനില്‍പ്പിന്റെ ഭാഗംകൂടിയായതുകൊണ്ടാണ്. വലകള്‍ ഉപയോഗിച്ചാല്‍ അവ കൊളുത്തിപ്പിടിച്ച് പവിഴപ്പുറ്റുകള്‍ പൊട്ടാന്‍ സാധ്യതയേറെയാണ്. ദ്വീപുകളുടെ നിലനില്‍പ്പുതന്നെ ഇത്തരം പുറ്റുകള്‍ നല്‍കുന്ന അടിസ്ഥാനത്തിലും സംരക്ഷണയിലുമാണ്. പവിഴങ്ങളുടെ തട്ടുകള്‍ കടല്‍ കയറ്റത്തിനെതിരെ ഒരു സ്വാഭാവിക പ്രതിരോധം തീര്‍ക്കുകയും ഇവിടെ വിരളമായ ശുദ്ധജല ശ്രോതസുകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുകയും ചെയ്യുന്നു. ഈ പുറ്റുകളുണ്ടാക്കുന്ന ജീവജാലങ്ങളാണ് പവിഴങ്ങള്‍. അവ സമുദ്രത്തിലെ മറ്റു ജീവജാലങ്ങള്‍ക്കു, പ്രത്യേകിച്ചു മത്സ്യങ്ങള്‍ക്ക്, വളരാനുള്ള ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നുണ്ട്. ഇവയുടെ നശീകരണം തങ്ങളുടെ അടിസ്ഥാനം ഇല്ലാതാക്കുന്ന ജോലിയാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും കാലാവസ്ഥ വ്യതിയാനവും അതിന്റെ അനന്തരഫലങ്ങളിലൊന്നായ കോറല്‍ ബ്ലീച്ചിങ്ങും ഇപ്പോഴവരെ ഭയപ്പെടുത്തുന്നുമുണ്ട്.
ഇവയൊക്കെയാണെങ്കിലും പ്രധാന ആകര്‍ഷണം സമുദ്രംതന്നെ. ശക്തമായ കാറ്റില്ലാത്തതിനാല്‍ തീരങ്ങളിലേക്ക് വരുന്ന തിരകള്‍ക്ക് കായലോളങ്ങളുടെ ഭംഗിയാണ്. ആകാശനീല, ഹരിതനീല, സമുദ്രനീല, കടല്‍പച്ച എന്നിങ്ങനെ നാലു നിറഭേദങ്ങളിലുള്ള കടലുകള്‍ നിങ്ങള്‍ക്കിവിടെ കണ്ടെത്താനാവും. ബോട്ട് യാത്രയ്ക്കിടയില്‍ കടലിനെ തൊട്ടും തലോടിയും യാത്ര ചെയ്യാനാവും. ഇതിനിടയില്‍ കടലിന്റെ അടിത്തട്ടുവരെ കാണാനാവും. പവിഴപുറ്റുകളേയും കടലാമയും പലനിറങ്ങളിലായുള്ള ലഗൂണ്‍ മത്സ്യങ്ങളും ഉള്‍പ്പെടെയുള്ള ജൈവവൈവിദ്യങ്ങളേയും കാണുന്നതുതന്നെ സന്തോഷകരമാണ്. കടും നിറങ്ങളില്‍ കാണപ്പെടുന്നവയാണ് ജീവനുള്ള പവിഴപുറ്റുകളെന്ന കാര്യവും ബോട്ടിലെ തൊഴിലാളികള്‍ പറഞ്ഞുതരും. അത്ര സമാധാനപരമായ യാത്രകളാണവ. അതുകൊണ്ടുതന്നെ ഒരു ദ്വീപില്‍നിന്നും മറ്റൊന്നിലേക്കുള്ള യാത്രയ്ക്ക് എത്രസമയം വേണ്ടിവന്നാലും സഞ്ചാരികള്‍ക്ക് കൗതുകം വര്‍ധിക്കുക മാത്രമേ ചെയ്യൂ.
ലക്ഷദ്വീപ് ഇങ്ങനെയൊക്കെയാണെങ്കിലും കപ്പല്‍ യാത്ര പകര്‍ന്നുതരുന്നത് മറ്റൊരനുഭവമാണ്. പ്രത്യേകിച്ച് അഗത്തിയില്‍. ഇവിടങ്ങളില്‍ കപ്പലിന് ബെര്‍ത്ത് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പുറംകടലിലാവും നങ്കൂരമിടുക. അതുകൊണ്ടുതന്നെ യാത്രക്കാരെ ടഗ് ബോട്ട് വഴിയാണ് കപ്പലില്‍നിന്നും സ്വീകരിക്കുന്നതും തിരികെ കയറ്റുന്നതും. ഈ യാത്രയുടെ ഏറ്റവും മനോഹരവും സാഹസികവുമായി യഥാര്‍ത്ഥ നിമിഷം ഇതാണ്. കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ കാഠിന്യമുള്ള ജോലിയായി തോന്നില്ല. എന്നാല്‍ തിരികെ കയറുമ്പോള്‍ ഒരു ഭയം തീര്‍ച്ചയായും എല്ലാവരുടെയും ഉള്ളില്‍ ജനിക്കുമെന്ന് തീര്‍ച്ച. കയറില്‍ തൂങ്ങിവേണം കപ്പലിലേക്ക് കയറാന്‍. ബോട്ടിനെക്കാള്‍ ഉയര്‍ന്ന ഭാഗത്തായിരിക്കും കപ്പലിന്റെ പ്രവേശന വാതില്‍. ഇവിടേക്ക് എത്തിപ്പെടാന്‍ തീര്‍ച്ചയായും കടല്‍തിരയുടെ സഹായം അനിവാര്യമാണ്. ഒരോ തിരകളിലും ബോട്ട് മുകളിലേക്ക് പൊങ്ങും ഈ സമയത്താണ് കയറില്‍ പിടിച്ച് കപ്പലിലേക്ക് കടക്കാന്‍. സഹായിക്കാന്‍ കപ്പല്‍ ജീവനക്കാരും ഉണ്ടാകും. നാലോ അഞ്ചോ പേരായിരിക്കും ഒരേസമയം കപ്പലിലേക്ക് കടക്കുക. നമ്മള്‍ അകത്തേക്ക് കടക്കുമ്പോഴേക്കും ബോട്ട് താഴത്തേക്ക് പോയിരിക്കും. അടുത്ത തിരയില്‍ അകത്തേക്ക് കടക്കേണ്ടവര്‍ അപ്പോഴേക്കും തയാറെടുപ്പ് നടത്തിയിരിക്കും. ഇവിടെയാണ് ശ്രദ്ധിക്കാനുള്ളത്. പിടി വിട്ടാല്‍ കൂട്ടിയുരസുന്ന കപ്പലിനും ബോട്ടിനുമിടയിലാവും യാത്രക്കാരന്‍ വീഴുക. അങ്ങനെ സംഭവിച്ചാല്‍ പിന്നെ പ്രതീക്ഷകള്‍ ആവശ്യമില്ലതന്നെ.
ഈ തിരമാലകളും നമ്മെ ജീവിതം പഠിപ്പിക്കുന്നുണ്ട്. തിരമാലകള്‍ നമ്മളെ ഉയരത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അവസരങ്ങള്‍ തിരമാലകള്‍പോലെ വന്നുകൊണ്ടുമിരിക്കും. ഒരവസരം നഷ്ടമായാല്‍ വേദനിക്കേണ്ടതില്ലെന്ന് അര്‍ത്ഥം. ജീവിതം കൂടുതല്‍ സുന്ദരമായി മുന്നോട്ടുപോകാന്‍ അതിന്റെ ഗതിയെ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിടേണ്ടിവരും. അതായത് കപ്പലിലേക്കോ ബോട്ടിലേക്കോ മാറിക്കയറേണ്ടിവരും. അത് വേണ്ടാത്തവര്‍ക്ക്, അവരെവിടെയോ അവിടെ തുടരുന്നതിനും തടസമില്ല. എന്നാല്‍ മാറിക്കയറുമ്പോള്‍, തീര്‍ച്ചയായും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കണം. കപ്പലിലായാലും ബോട്ടിലായാലും എത്തപ്പെടുമെന്നും അവിടെ തങ്ങളുടെ ജീവിത സാഹചര്യം സുരക്ഷിതമാക്കാന്‍ കഴിയുമെന്നും ഉറപ്പുണ്ടായിരിക്കണം. ഈ മാറ്റത്തിനിടയില്‍ പിടിവിട്ടുപോയാല്‍ കപ്പലും ബോട്ടും തമ്മില്‍ ഉരസുന്ന ആ മേഖലയിലേക്കായിരിക്കും നമ്മള്‍ വീണുപോകുക. അതിനാല്‍ അവസരങ്ങള്‍ കരുതലോടെ ഉപയോഗിക്കാന്‍ ഈ തിരമാലകള്‍ ഉപദേശിക്കുന്നുണ്ട്.
കാല്‍ വാരും തിര, അപകടത്തിര
'പക്ഷെ ഒരു പ്രശനമുണ്ടല്ലോ വര്‍മസാറേ... തന്റെ തന്തയല്ല എന്റെ തന്ത' ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാലിന്റേതായ ഈ സംഭാഷണം മലയാളികള്‍ക്ക് കാണാപാഠമാണിന്ന്. ട്രോളുകള്‍ക്കും വ്യാപകമായി ഈ സംഭാഷണശകലം ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ വാക്കുകള്‍ക്ക് ആധാരമാകുന്നത് സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന് വര്‍മയെന്ന കഥാപാത്രം നല്‍കുന്ന ഉപദേശമാണ്. വിരോധമുള്ളയാള്‍ക്ക് ഒപ്പംകൂടുക, അയാള്‍ക്കൊപ്പം റെയില്‍വേ പാളത്തിന് സമീപത്തുകൂടെ നടക്കുക, തീവണ്ടി വരുമ്പോള്‍ തോള്‍കൊണ്ടൊന്നു തള്ളിക്കൊടുക്കുക. വിരോധമുള്ളയാളെ തീവണ്ടി കൊണ്ടുപോകും, നമ്മളെ ആരും സംശയിക്കുകയുമില്ല... എന്നാണ് വര്‍മ സാര്‍ നല്‍കുന്ന ഉപദേശം. സ്റ്റീഫന്‍ ഈ ഉപദേശം തള്ളിക്കളഞ്ഞുവെങ്കിലും ആ ശൈലി പിന്തുടരുന്ന കടല്‍തിരകളുമുണ്ടെന്നത് യാഥാര്‍ത്ഥ്യം. കടല്‍ത്തിരകളില്‍പ്പെട്ട് മുങ്ങിമരിക്കുന്നതില്‍ മിക്കതും പിന്നില്‍നിന്നും കുത്തുന്ന ഇത്തരം തിരകള്‍ കാരണംതന്നെ. കാറ്റിന്റെ ശക്തിയാല്‍ ഒരുവശം കറങ്ങിവരുന്ന ഇത്തരം തിരകള്‍ തീരത്തുള്ളതെന്തും ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോകും.
ബ്രേക്കിംഗ് തിരമാലയുടെ ഉപഗണത്തില്‍ വരുന്നവയാണ് ഈ അപകടം സൃഷ്ടിക്കുന്നത്. ഒഴുകുന്ന തിരമാലകള്‍ (Spilling waves), കുതിക്കുന്ന തിരമാലകള്‍ (Plunging waves), ആഞ്ഞടിക്കുന്ന തിരമാലകള്‍ (Surging waves),, ഇടിഞ്ഞുവീഴുന്ന തിരമാലകള്‍ (Collapsing waves),, ആഴത്തിലുള്ള ജല തരംഗങ്ങള്‍ (Deep Water Waves), ആഴം കുറഞ്ഞ ജല തരംഗങ്ങള്‍ (Shallow Water Wave-s) എന്നിങ്ങനെ ബ്രേക്കിംഗ് തിരമാലകള്‍ ഉപഗണപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതില്‍ കുതിക്കുന്നതും ആഞ്ഞടിക്കുന്നതുമായ തിരകള്‍ അപകടകാരികളാണ്. വളരെ വേഗത്തിലും ഊര്‍ജ്ജത്തിലും സഞ്ചരിക്കുന്നവയാണ് കുതിക്കുന്ന തിരമാലകള്‍. തീരശോഷണത്തിന് കാരണമാകുന്ന ഈ തിര കടലില്‍ സര്‍ഫ് ചെയ്യുന്നവര്‍ക്കും അപകടമുണ്ടാക്കാറുണ്ട്. എന്നാല്‍ പിന്നില്‍നിന്നും കുത്തുന്നത് ഈ തിരയല്ല.
ആഞ്ഞടിക്കുന്ന തിരമാലകള്‍ (Surging waves) ആണ് ഈ അപകടം ഉണ്ടാക്കുന്നത്. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ഈ തിരകള്‍ അതിന്റെ ഒരു സൂചനയും നല്‍കുകയില്ല. മറ്റ് തിരമാലകളെപോലെ കണ്ണിമുറിഞ്ഞുപോകാത്തതിനാല്‍ കാഴ്ചയില്‍ നിരുപദ്രവകരമായി തോന്നുകയും ചെയ്യും. എന്നാല്‍ കരയില്‍നിന്നുമുള്ള തിരിച്ചിറക്കത്തില്‍ ശക്തമായിതന്നെ പിന്നോട്ട് വലിച്ചുകൊണ്ടുപോകും ഈ തിരകള്‍. കടലില്‍ കളിച്ചും കുളിച്ചും നില്‍ക്കുന്നവരെ പിന്നിലൂടെ ആക്രമിക്കുംപോലെ. തിരികെ ഇറങ്ങുന്ന തിര മിക്കവാറും കാല്‍മുട്ടിന്റെ പുറകു വശത്താവും ശക്തമായി ഇടിക്കുക. അതോടെ അവിടെ നില്‍ക്കുന്ന വ്യക്തിയുടെ പ്രതിരോധം നഷ്ടമാകും. നിലതെറ്റി വീഴുന്ന അവരെയുംകൊണ്ട് തിര പിന്നിലേക്ക് പോകുമ്പോള്‍ അടുത്തതിര അവര്‍ക്ക് മുകളിലെത്തിയിരിക്കും. ഇത് സ്വയം രക്ഷപ്പെടാനുള്ള അവസരവും നിഷേധിക്കും. ലൈഫ് ഗാര്‍ഡുമാരോ കടലിനെ അറിയുന്നവരോ സമീപത്തുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യത കൂടുതലാണ്. ആഞ്ഞടിക്കുന്ന തിരമാലകളുടെ പിടിയില്‍പ്പെടുന്നവരെ അടുത്തതിര രക്ഷിക്കുന്നതും അത്യപൂര്‍വമല്ല.മനുഷ്യജീവിതത്തിലും ഇത്തരം അനുഭവങ്ങളുണ്ടാവും. അടുത്തിടപെടുമ്പോള്‍ അഴകുള്ള കടലുകളെപോലെ നിരുപദ്രവകാരികളെന്ന് തോന്നിയേക്കാം. ഒഴുകുന്ന തിരമാലകള്‍പോലുള്ള ജീവിതത്തില്‍ കരുതിയിരിക്കേണ്ട കുതിക്കുന്ന തിരമാലകളെ അവര്‍ ചൂണ്ടിക്കാട്ടിത്തരുകയും ചെയ്യും. അപ്പോഴും സംശയിക്കത്തക്ക ഒരു പ്രവൃത്തിയും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല, ഒരു സൂചനപോലും ലഭിക്കുകയുമില്ല. പെട്ടെന്നായിരിക്കും അവര്‍ അപകട കടലാവുകയും പിന്നില്‍നിന്നും കാലേവാരികൊണ്ടുപോകുകയും ചെയ്യുന്നത്. അവിടെ രക്ഷപ്പെടണമെങ്കില്‍ കടല്‍ത്തിരത്ത് എന്നപോലെ ലൈഫ് ഗാര്‍ഡുമാരുടെ സാന്നിധ്യം ജീവിതത്തിലും നാം ഉറപ്പാക്കേണ്ടതുണ്ടെന്ന പാഠം ഈ തിരകള്‍ പകര്‍ന്നുനല്‍കുന്നു.
രൗദ്രഭാവം പൂണ്ട കള്ളക്കടലും സുനാമിയും
യാതൊരു കടല്‍ പ്രേമിയേയും ഭയപ്പെടുത്തുന്ന തിരകളാണ് കള്ളക്കടലും സുനാമിയും. രണ്ടും തമ്മില്‍ വലിയ സാമ്യമൊന്നുമില്ലെങ്കിലും മനുഷ്യജീവന് ഭീക്ഷണി ഉയര്‍ത്തുന്നതില്‍ ഇവര്‍ക്ക് രണ്ടാലോചനയില്ലതന്നെ. വേലിയേറ്റ സമയങ്ങളിലും മണ്‍സൂണ്‍കാലത്തും തീരംകവരാനെത്തുന്ന ഭീമന്‍ തിരകളെക്കുറിച്ച് നമുക്ക് ധാരണയുണ്ട്. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ഫലമായോ ആണ് വേലിയേറ്റമുണ്ടാകുന്നതും തിരകള്‍ രാക്ഷസ വേഷം ഏറ്റെടുക്കുന്നതും. ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ് കള്ളക്കടലും സുനാമിയും.
ചില സമയങ്ങളില്‍ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. തിരമാലകള്‍ അപ്രതീക്ഷിതമായി അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളായ ചുഴലിക്കാറ്റും കൊടുങ്കാറ്റും മൂലമുണ്ടാകുന്ന കടല്‍ക്ഷോഭം കൊണ്ട് ഉയര്‍ന്നുവരുന്ന വലിയ തിരമാലകളാണ് കള്ളക്കടലിന് കാരണമാകുന്നത്. ശക്തമായ കാറ്റില്‍, വായുവില്‍ നിന്ന് വെള്ളത്തിലേക്ക് ഊര്‍ജ്ജ കൈമാറ്റം നടക്കുന്നതിനാല്‍ ഈ സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വരെ നീളാന്‍ കെല്‍പ്പുള്ള ശക്തമായ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കാന്‍ കാരണമാവുകയും ചെയ്യും. അവിചാരിതമായതും അസാധാരണവുമായാണ് കള്ളക്കടല്‍ സമയത്താവും വളരെ വലിയ തിരമാലകള്‍ അസാധാരണ ശക്തിയോടെ തീരത്തു എത്തുന്നത്. അതുകൊണ്ടുതന്നെ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. ചില സമയങ്ങളില്‍ കടല്‍ ഉള്ളിലോട്ട് വലിഞ്ഞശേഷം കരയെ ആക്രമിക്കുന്ന സ്വഭാവവും ഈ പ്രതിഭാസത്തിനുണ്ടെന്നതിനാല്‍ സുനാമിയാണോ എന്ന് തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.
ഭൂരിഭാഗം സുനാമികളുടെയും പിതൃത്വം ഭൂകമ്പങ്ങള്‍ക്കാണ്. എന്നുകരുതി എല്ലാ ഭൂകമ്പങ്ങളിലും സുനാമി ഉണ്ടാകണമെന്നില്ല. അതേപോലെ എല്ലാ സുനാമിയും ഭൂകമ്പം കാരണമായുണ്ടാകുന്നവയുമല്ല. അഗ്‌നിപര്‍വത സ്‌ഫോടനം, വെള്ളത്തിനടിയിലെ സ്‌ഫോടനം, മണ്ണിടിച്ചിലുകള്‍, ഉല്‍ക്കാശിലകളുടെ ആഘാതം തുടങ്ങിയവയും സുനാമി സൃഷ്ടാക്കളാകാറുണ്ട്. കടലിന്റെ ഉപരിതലത്തില്‍ എത്തുന്ന ഒരു അസ്വസ്ഥത മൂലമുണ്ടാകുന്ന തിരമാലകളുടെ ഒരു കൂട്ടമാണ് സുനാമിയെന്ന് ശാസ്ത്രീയമായി പറയാം. ഒരു സുനാമിയുടെ തരംഗങ്ങള്‍ എല്ലാ ദിശയിലേക്കും അതിവേഗത്തില്‍ സഞ്ചരിക്കും. ഏതാണ്ട് കര ഭാഗത്ത് എത്തുമ്പോള്‍ കടല്‍ത്തീരത്തിന്റെ അടിത്തട്ടുമായുള്ള ബന്ധം തരംഗത്തിന്റെ വേഗതയെ പെട്ടെന്ന് കുറയ്ക്കും. തിരമാലയുടെ മുന്‍ഭാഗം പെട്ടെന്ന് മന്ദഗതിയിലാകുമ്പോള്‍, പിറകേ വരുന്ന തിരമാല അതിന്റെ പിന്നില്‍ കുമിഞ്ഞുകൂടുകയും, തന്‍മൂലം തിരമാലയുടെ ഉയരം പെട്ടെന്ന് വര്‍ധിക്കുകയും ചെയ്യുന്നു. 100 അടിയോളം പൊക്കത്തില്‍ തിരമാല വരുകയും കരയില്‍ കൂടുതല്‍ ദൂരം കടന്നുകയറുകയും ചെയ്യുന്നത് ഇങ്ങനെയാണ്.
മനുഷ്യജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തങ്ങളെയാണ് കള്ളക്കടലും സുനാമിയും ഓര്‍മ്മിപ്പിക്കുന്നത്. രണ്ട് പ്രതിസന്ധികളും വ്യക്തിഗതമല്ല, സമൂഹത്തെ ബാധിക്കുന്നവയാണ്. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയാണ് കള്ളക്കടല്‍ കടന്നുവരുന്നത്. എങ്കിലും ആദ്യതിരയില്‍തന്നെ അപകടം മനസിലാക്കാനാവും. കള്ളക്കടല്‍ ഒരു പ്രദേശത്തിന് മാത്രം ഭീക്ഷണി ഉയര്‍ത്തുന്നവയാണ്. പ്രാദേശിക ചട്ടമ്പിയെപ്പോലെ. അത്തരം സ്വഭാവം കാണിക്കുന്നവരില്‍നിന്ന് അകന്നുനില്‍ക്കുക, ജാഗ്രത പാലിക്കുക എന്നതാണ് ജീവന്‍ സുരക്ഷിതമാക്കാനുള്ള വഴി. സ്വാഭാവിക തീരമുള്ള പ്രദേശങ്ങളെ കള്ളക്കടല്‍ സാധാരണയായി ബാധിക്കാറില്ലെന്നും ആ തിരയ്ക്ക് തിരിച്ചുപോകാന്‍ കടല്‍ തന്നെ വഴിയുണ്ടാക്കുമെന്നും അറിഞ്ഞിരുന്നാല്‍മതിയാകും.
അതേസമയം പരമാവധി ഉള്ളിലേക്ക് വലിഞ്ഞ്, അതിന്റെ സൗന്ദര്യവും ജൈവവിഭവങ്ങളും പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരെകൊതിപ്പിച്ചാകര്ഷിച്ചശേഷമാണ് സുനാമിയുടെ വരവ്. ആ നിമിഷം എത്ര ഓടിയൊളിക്കാന്‍ ശ്രമിച്ചാലും രക്ഷപ്പെടണമെന്നില്ല. കടല്‍ത്തീരത്തുനിന്നും ബഹുദൂരം സഞ്ചരിക്കുന്നതിനാല്‍ ആ ജലത്തിന് തിരികെ കടലിലേക്ക് മടങ്ങാനും കഴിയില്ല. അതുകൊണ്ടുതന്നെ പോകുന്ന വഴിയിലെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാകും സുനാമിയുടെ കടന്നുപോക്ക്. ജീവനുകളും വീടുകളും മാത്രമല്ല, കൃഷിയും ശുദ്ധജലസ്രോതസും വരെ മലിമസപ്പെടും. ഇത്തരമൊരു ജീവിത അവസ്ഥ ആര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അവിടെ ശ്രദ്ധിക്കാന്‍ ഒന്നേയുള്ളൂ... പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക, അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക, ജാഗ്രത കൈവിടാതിരിക്കുക.
വാല്‍കഷ്ണം
പരിശോധിച്ചാല്‍ ഇതിലും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങള്‍ കണ്ടെത്താനാവും. അത്രതന്നെ വൈവിധ്യം തിരമാലകളിലും ദര്‍ശിക്കാനാവും. പ്രശ്‌നങ്ങളെന്ന തിരമാല ഏത് രൂപത്തിലും വരാം. എങ്ങനെ വന്നാലും അവയ്ക്ക് കടലിലേക്ക് മടങ്ങിയേപറ്റൂ. അതുകൊണ്ടുതന്നെ പ്രതിസന്ധികളില്‍ പതറിപ്പോകരുത്. ഉത്ഭവസ്ഥാനങ്ങളിലേക്ക് അവയ്ക്ക് മടങ്ങിപ്പോകാന്‍ അവസരമൊരുക്കമാത്രം ചെയ്യുക. അതേസമയം സുനാമികളെ കരുതിയിരിക്കുകയും വേണം. സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ആ പ്രതിസന്ധി മറികടക്കാനാവൂ. അതിനാല്‍ സമൂഹജീവിയായി മാറാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.
Comments