ഒറ്റപ്പെടലിനു എന്ത് സുഖം ആണെന്ന് അറിയോ!
ആന്റണ്‍ ചെഖോവിന്റെ പ്രശസ്തമായ ബെറ്റിനെ കുറിച്ച് വീണ്ടും പറയുന്നത് അരോചകമാവാം. 'ബെറ്റ്' വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പക്ഷേ, ഒറ്റപ്പെടലിനെ കുറിച്ചു പറയുമ്പോള്‍ ബെറ്റിലൂടെ ആന്റണ്‍ ചെഖോവ് അവതരിപ്പിച്ച യുവ അഭിഭാഷകനിലൂടെയല്ലാതെ ഇത് തുടങ്ങാനാവില്ല. മുന്‍ഗാമികളുടെ രചനകള്‍ മിക്കവാറും അവസാനിക്കുന്നത് ഈ പോയിന്റിലാണ്. അവിടെനിന്നും തുടങ്ങുകമാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. അതെങ്കിലും പുതുമ പ്രദാനം ചെയ്യുമോ എന്നകാര്യത്തിലും ഉറപ്പില്ല തന്നെ. എങ്കിലും 135 വര്‍ഷങ്ങള്‍ക്കുശേഷവും ആ അഭിഭാഷകന്‍ ഇന്നും സമൂഹ മനസിനെ മദിക്കുന്നതിനാല്‍ തുടക്കം അവിടെനിന്നും തന്നെയാകുന്നതാവും കാവ്യനീതി.
ഒറ്റപ്പെടല്‍ നല്‍കുന്ന നിത്യമായ വികാരം മനോസുഖം ആണെന്ന് ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത് ആ അഭിഭാഷകനാണ്. വധശിക്ഷയാണോ ജീവപര്യന്തമാണോ കൂടുതല്‍ കടുത്ത ശിക്ഷ എന്ന തര്‍ക്കത്തില്‍ രണ്ടാംകൂറുകാരനായിരുന്നു അഭിഭാഷകന്‍. ഒരു ധനാഢ്യനായ ബാങ്കറുമായുള്ള വെല്ലുവിളിയിലെത്തിയ ആ തര്‍ക്കത്തിനൊടുവില്‍ അടച്ചിട്ട മുറിയില്‍ 15 വര്‍ഷം തനിച്ചുതാമസിക്കുകയാണ് ആ അഭിഭാഷകന്‍. ആദ്യകാലത്തൊക്കെ വെല്ലുവിളി സ്വീകരിച്ചത് അബദ്ധമായിപ്പോയെന്ന് അഭിഭാഷകന് തോന്നുന്നുണ്ട്. എന്നിട്ടും പിടിച്ചുനിന്ന അദ്ദേഹം പന്തയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ ആ മുറിയില്‍നിന്നും രക്ഷപ്പെടുന്നുണ്ട്. പടിക്കല്‍ കലം ഉടച്ച പരിപാടി. ഒരു മണിക്കൂര്‍ കൂടി പിടിച്ചുനിന്നിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്ന ആ വന്‍ പന്തയത്തുക, രണ്ട് ലക്ഷം റൂബിള്‍ നഷ്ടപ്പെടുത്തിയവനെന്ന് പലരും അവനെ ആക്ഷേപിക്കുകയുണ്ടായി. എന്നാലും എന്താകും അവന്‍ പന്തയം പൂര്‍ത്തിയാക്കാത്തതിന് കാരണം.
കിട്ടുമായിരുന്ന പന്തയത്തുകയുടെ വലിപ്പം തന്നെയാവണം പരാജയം സമ്മതിക്കാന്‍ ആ അഭിഭാഷകനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഒറ്റപ്പെടലിലൂടെ അയാള്‍ കണ്ടെത്തിയ സ്വര്‍ഗതുല്ല്യമായ ജീവിതം, ആ മനോസുഖം... അത് നഷ്ടപ്പെടാതിരിക്കാനായാവണം ആ പന്തയത്തുക അയാള്‍ ഉപേക്ഷിച്ചത്. ആ തുക സ്വീകരിച്ചാല്‍... വീണ്ടും ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി, മത്സരയോട്ടത്തിന്റെ ട്രാക്കിലേക്ക് തന്റെ ജീവിതം വഴുതി വീഴുമോയെന്ന് അയാള്‍ ഭയന്നിട്ടുണ്ടാകണം. അതിനെക്കാള്‍ വലിയയൊരു ലോകമാകണം അയാള്‍ക്ക് മുന്നില്‍ അന്ന് തുറന്നുകിട്ടിയിട്ടുണ്ടാവുക. ഒന്നര ദശകത്തിനിടയില്‍ പാപ്പരായതിനാല്‍ അവസാന രാത്രിയില്‍ അയാളെ കൊലപ്പെടുത്താനായി ആ മുറിയിലെത്തിയ ബാങ്കര്‍ തന്റെ ശ്രമം ഉപേക്ഷിച്ച് മടങ്ങുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ വ്യര്‍ഥത വരച്ചുകാട്ടുന്ന അഭിഭാഷക കുറിപ്പുകളായിരുന്നു കാലം പഠിപ്പിച്ചിട്ടും പഠിക്കാത്ത ബാങ്കറുടെയും മനസലിയിപ്പിച്ചത്. യാതൊരുവിധത്തിലുള്ള സമ്പത്തിലും മോഹമില്ലാത്ത മനുഷ്യനാവാന്‍ അതിനകം അഭിഭാഷകന് കഴിഞ്ഞുവെന്നത് ആ കുറിപ്പുകളാണ് ബാങ്കറെ ഓര്‍മ്മിപ്പിക്കുന്നത്. അപ്പോള്‍ അയാള്‍, ആ അഭിഭാഷകന്‍ തന്നെയാകണം ഒറ്റപ്പെടല്‍ എന്നാല്‍ സുഖമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ആദ്യ ആള്‍.
കഥകള്‍ വായിക്കാനും ആസ്വദിക്കാനും സമൂഹത്തിന് എന്നും ഇഷ്ടമാണ്. എന്നാല്‍ അതിലെ ആശയങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നവര്‍ അത്യപൂര്‍വമായിരിക്കും. നമ്മെ അതിശയിപ്പിക്കുന്ന ലോകനേതാക്കളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും നിറയേയുണ്ട്. ഇവരുടെയൊക്കെ ആത്മകഥയും ജിവിതകഥയും അച്ചടി മഷി പുരട്ടപ്പെടുകയും ഇപ്പോഴും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചെഗുവേരയുടെ വീരസാഹസങ്ങള്‍ ചൂടുപിടിപ്പിക്കാത്ത വിപ്ലവയുവത്വങ്ങളില്ല, ഡോ. ബി.ആര്‍. അംബേദ്കറിനും സാധിച്ചിട്ടുണ്ട് ഇതുപോലെ അണികളുടെ വീരപുരുഷനാവാന്‍. ഗാന്ധിജിയും നെഹ്‌റുവും ടാഗോറുമൊക്കെ നമ്മുടെ മണ്ണില്‍നിന്നും ജന്‍മംകൊള്ളുകയും ലോകം ആരാധിക്കുന്നവരായി മാറുകയും ചെയ്തവരാണ്. എന്നിട്ടും അതേ അച്ചിലൊരു പിന്‍ഗാമി ഇവര്‍ക്കാര്‍ക്കും ഇതുവരെ ലഭ്യമാകാതെപോയത് എന്തുകൊണ്ടാകുമെന്ന ചോദ്യമിപ്പോഴും അവശേഷിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് നാം ആ ചോദ്യംതന്നെ വിസ്മൃതിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇപ്പോഴും ഗൂഗിളില്‍ തിരഞ്ഞാല്‍ കാണുന്നതില്‍ ബഹുഭൂരിപക്ഷവും ഒറ്റപ്പെടലിന്റെ വേദനയെക്കുറിച്ചാവും, ഒരിക്കലും സുഖത്തെക്കുറിച്ചാവില്ല. അതുകൊണ്ടുതന്നെയാകണം ഒറ്റപ്പെടല്‍ സുഖകരമാണെന്ന് വിളിച്ചുപറഞ്ഞ ആ അഭിഭാഷകനും ഇതുവരെ പിന്‍ഗാമികളെ കിട്ടാതെപോയത്.
ആ ചോദ്യം നാം അവഗണിച്ചു, ഫലമോ? ഒറ്റപ്പെടല്‍ രാജ്യാന്തര ആരോഗ്യ പ്രശ്നമായി മാറിക്കഴിഞ്ഞു. 2023 ല്‍ ലോകാരോഗ്യ സംഘടനതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിവസവും 15 സിഗരറ്റ് വലിക്കുന്ന ഒരാള്‍ക്കുണ്ടാകുന്നയത്രയും ആരോഗ്യപ്രശ്നം ഒറ്റപ്പെടലനുഭവിക്കുന്നവര്‍ക്കും ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. മറവിരോഗം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും ഏറെയെന്ന് ശാസ്ത്രം പറയുന്നു. മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങിനിന്ന 'ഒറ്റപ്പെടല്‍' ഇപ്പോള്‍ ലോകവ്യാപകമായി കുട്ടികളില്‍പോലും കണ്ടുവരുന്നു. സാങ്കേതികവിദ്യയുടെയും നവമാധ്യമങ്ങളുടെയും വളര്‍ച്ച സമൂഹജീവിയെന്ന പദത്തില്‍നിന്നും മനുഷ്യനെ പുറന്തള്ളുന്നു. അങ്ങനെ ഒറ്റപ്പെടുകയും അതിലൂടെയുള്ള വിഷാദരോഗത്തിന് അടിമ്മപ്പെടലിലേക്ക് അവര്‍ വഴുതിവീഴുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. അപ്പോഴും അടിസ്ഥാനഘടകം എന്നെ കേള്‍ക്കാന്‍ ആരുമില്ലെന്നതാണ്. മറ്റുള്ളവരെ കേള്‍ക്കാന്‍ സ്വന്തം ചെവി മണിക്കൂറുകള്‍ പണയം വയ്ക്കുന്നവര്‍പോലും തങ്ങളെ കേള്‍ക്കാന്‍ ആളില്ലാത്തതിന്റെ വിഷമവും തന്മൂലം വിഷാദവും അനുഭവിക്കപ്പെടുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.
ഇവിടെയാണ് ബെറ്റിലെ നായകനായ അഭിഭാഷകന്റെ പ്രസക്തി. ഒരു വാശിക്ക്, അല്ലെങ്കില്‍ പ്രലോഭനത്തിന് അടിപ്പെട്ടാണ് ഏകാന്തവാസം അദ്ദേഹം തെരഞ്ഞെടുക്കുന്നത്. ആദ്യകാലങ്ങള്‍ അസ്വസ്ഥമാകാന്‍ ആവശ്യമായ കാരണങ്ങള്‍ നിരവധിയായിരുന്നു. സമൂഹവുമായുള്ള ബന്ധം പൂര്‍ണമായി ബന്ധപ്പെടുമ്പോള്‍, കേള്‍ക്കാനും കാണാനും കഴിയാതെ വരുമ്പോള്‍, ആരോട് സംസാരിക്കണമെന്ന് പോലും മനസിലാവാത്ത അവസ്ഥ... അതുതന്നെ അവിടെയും സംഭവിച്ചു. ഉറക്കക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍, മനസ് അസ്വസ്ഥമാകല്‍, ഒരുവേള വിഷാദരോഗത്തിന് അടിമപ്പെട്ടേക്കാവുന്ന അവസ്ഥവരെ. പന്തയമനുസരിച്ച് വസ്ത്രം, ഭക്ഷണം, പുസ്തകങ്ങള്‍, എഴുത്തുപകരണങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ മുറിയില്‍ എത്തുമായിരുന്നു. എന്നിട്ടും ആദ്യ കാലങ്ങള്‍ അദ്ദേഹത്തിന് ദുരിത പൂര്‍ണമായി മാറി. അവയില്‍നിന്നുള്ള മോചനത്തിനായാവണം പുസ്തകം വായന ആരംഭിക്കുന്നത്. അതിലൂടെ സ്വപ്നങ്ങള്‍ കാണാനും പിന്നീടവ അക്ഷരങ്ങളിലൂടെ പകര്‍ത്തിവയ്ക്കാനും തുടങ്ങിയത്. സമൂഹത്തില്‍നിന്നും അകന്നുപോയെന്ന വേദന പിന്നെയുണ്ടായിട്ടില്ല. പകരം തന്റേതായ പുതിയ ലോകം കണ്ടെത്തുകയായിരുന്നു അദ്ദേഹം. അതോടെ അവശേഷിക്കുന്ന ബഹുഭൂരിപക്ഷം കാലവും ഒറ്റപ്പെടലിന്റെ മധുരിതമാെയാരു കാലം അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞുവന്നു.
ഈ കഥ വായിച്ച് പഠിച്ച സമൂഹമാവട്ടെ അവയൊക്കെ പുസ്തകത്തില്‍തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. ബെറ്റിലെ നായകന്‍ ആദ്യകാലങ്ങളില്‍ മാത്രമാണ് വേദനിച്ചത്. ഈ കഥ ആലേഖനം ചെയ്യപ്പെട്ടിട്ട് പതിമൂന്നര പതിറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും ആ അഭിഭാഷകന്റെ ആദ്യകാലങ്ങളില്‍തന്നെയാണ് സമൂഹം ഇപ്പോഴും. അതിന് അപ്പുറത്തേക്ക് കടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും സമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നാം മനസിലാക്കേണ്ടതുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. അന്നത്തെ സാമൂഹിക ചുറ്റുപാടല്ല ഇന്നത്തേത് എന്നായിരിക്കും മിക്കവരും ആദ്യം നല്‍കുന്ന മറുപടി. പക്ഷേ ഒറ്റപ്പെടല്‍ നല്‍കുന്ന അനുഭൂതി അന്നും ഇന്നും ഒന്നുതന്നെയാണെന്നത് സൗകര്യപൂര്‍വം മറക്കുകയും ചെയ്യും.
സത്യത്തില്‍ ഒറ്റപ്പെടല്‍ ഏറെ സുഖകരമായ ഒന്നാണ്. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ വേദനയറിയൂവെന്ന പ്രസ്താവനയില്‍ പതിരില്ലതന്നെ. ആത്മാവ് പറിഞ്ഞുപോകുന്ന വേദന എന്നല്ല, അസ്തിയില്‍നിന്നും മജ്ജയും മാംസവും അടര്‍ന്നുപോകുന്നപോലെ തോന്നും. ഹൃദയം നുറുങ്ങുന്നതായും, ഒരുവേള നമ്മള്‍ കാലത്തിന്റെ വിസ്മൃതിയിലേക്ക് തൂക്കിയെറിയപ്പെടുമോ എന്നുപോലും തോന്നും. പ്രതീക്ഷയുടെ കരങ്ങള്‍ കണ്‍കോണുകളിലൂടെപോലും നീണ്ടുവരാതാകുമ്പോള്‍ നിരാശ നമ്മളെ നമ്മളിലേക്ക് കൂടുതല്‍ തള്ളിയിടും. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന പ്രാഥമിക വിവരണങ്ങള്‍മാത്രമാണ്. അതിനപ്പുറമാണ് ഒറ്റപ്പെടല്‍ നമുക്കായി ഒരുക്കുന്ന സാമൂഹിക സാഹചര്യ അന്തരീക്ഷം. മൗനം ചുണ്ടുകള്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കുമ്പോള്‍ ചിന്തകള്‍ വന്യമായി കാടുകയറും. അതിന്റെ കാഠിന്യം നമ്മളെ വീണ്ടും തളര്‍ത്തും. അതോടെ സമൂഹത്തില്‍നിന്നുതന്നെ മറഞ്ഞുനില്‍ക്കാനുള്ള ത്വരയും മനസില്‍ ആധിപത്യം സ്ഥാപിക്കും. ഒരിടവേള ഒറ്റപ്പെടല്‍ ഒരു ഒളിച്ചോട്ടമായും മാറാം.
പക്ഷേ ഇതിനപ്പുറവും ഒരു ലോകമുണ്ടെന്നാണ് ആ അഭിഭാഷകന്‍ വരച്ചുകാണിച്ചുതരുന്നത്. നമ്മളെ കേള്‍ക്കാന്‍ ആരുമില്ലെന്ന പരാതിതന്നെ യഥാര്‍ത്ഥത്തില്‍ അടിസ്ഥാനമില്ലാത്തതാണ്. നമ്മളെ കേള്‍ക്കാന്‍ എന്നല്ല, മറിച്ച് നമുക്ക് പറയാന്‍ വേദിയില്ല എന്നതാണ് ഇതില്‍ പ്രധാന ആവശ്യമായി ഉയര്‍ന്നുവരേണ്ടത്. അത്തരമൊരു അവസ്ഥവരുമ്പോള്‍ പറയുന്നതിനുള്ള വേദി നമ്മള്‍തന്നെ കണ്ടെത്തണം. പലപ്പോഴും നമ്മള്‍ നമ്മളോടുതന്നെ സംവദിക്കുകയാണ് ആദ്യം ചെയ്യുക. അതുകൊണ്ട് പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടാകില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അപകടകരവുമായേക്കും. വന്യതയിലാണ്ടുകഴിഞ്ഞ ചിന്തകളെ തിരികെപിടിക്കാന്‍ കുറച്ച് കാത്തിരിപ്പ് ഇവിടെ അനിവാര്യമാണ്.
ഒറ്റപ്പെടലിന്റെ ഒരുഘട്ടം കഴിഞ്ഞാല്‍ നമുക്ക് സംവദിക്കാനുള്ള വേദി സ്വയം കണ്ടെത്താനാവും. ആ ഘട്ടത്തില്‍ കഴിയുമെങ്കില്‍ അക്ഷരങ്ങളെ ചേര്‍ത്തുപിടിക്കണം. ചോരയും നീരുമില്ലാത്ത സമൂഹത്തെ നോക്കിയിരിക്കുന്നതിനെക്കാള്‍ അക്ഷരങ്ങളിലൂടെ കടലാസുകളോട് സംവദിക്കുന്നതാണ് ഉത്പാദനകരം. അത് അത്ര എളുപ്പമൊന്നുമല്ല. മനസ് വഴിപ്പെടാന്‍ സമയം വേണ്ടിവരും. എങ്കിലും അസാധ്യമല്ല. ഒരു ദിവസം ഒരു വരിയെങ്കിലും എഴുതുവാന്‍ കഴിഞ്ഞാല്‍ പതുക്കെ പതുക്കെ പുതിയ ലോകം തുറന്നുകിട്ടും. അക്ഷരങ്ങള്‍ നമ്മളെ അവരുടെ വഴിക്ക് ആനയിക്കും. വായനയും പുറകേക്കൂടുന്നതോടെ ചിന്തകളുടെ വന്യതയും കുറയും. അവിടേക്ക് ചിത്രശലഭങ്ങളെപോലെ സ്വപ്നങ്ങളും പാറിപ്പറന്നുവരും. മനസില്‍ തോന്നുന്നതെന്തും കുറിച്ചുവയ്ക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും. ഒന്നുമില്ലെങ്കിലും കടലാസുകള്‍ കുറ്റപ്പെടുത്താതെയെങ്കിലും ഇരിക്കുമല്ലോ. അത്തരമൊരു സാഹചര്യംതന്നെ എഴുത്തിന് കൂടുതല്‍ ദൃഢത നല്‍കും. അതോടെ ഒരിക്കല്‍ നിങ്ങളെ കേള്‍ക്കാന്‍ വൈമനസ്യം കാട്ടിയവര്‍ സമൂഹമായി നിങ്ങളെ വായിക്കുകതന്നെ ചെയ്യും.
ഒറ്റപ്പെടല്‍ എന്നത് വെറും ഒറ്റപ്പെടല്ല, കൂടുതല്‍ പുതുമയുള്ള വഴികള്‍ കാണിച്ചുതരുന്ന സുഖമുള്ളൊരു അനുഭവം മാത്രമാണ്. മിഴികള്‍ക്ക് താഴിടില്ലെങ്കില്‍, കണ്ണിമ ചിമ്മാതെ നോക്കിയാല്‍ നിങ്ങള്‍ക്കും ആ വഴികള്‍ കണ്ടെത്താനാവും. ആള്‍ത്തിരക്കിനിടയില്‍, ആഘോഷങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകുകയെന്നതും ഭാഗ്യമാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം. നമ്മളെ ആരും കാണുന്നില്ലെന്നു മാത്രമല്ല, നമുക്ക് എല്ലാരേയും കാണാനാവുന്നു എന്നുകൂടിയാണ് 'ഒറ്റപ്പെടല്‍' നമ്മെ ഓര്‍മിപ്പിക്കുന്നത്.
അതേസമയം നോക്കുന്നത് അവരെമാത്രമാകരുത്. ജനനിബിഡമായ ആ വഴികളിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ തെളിയുന്നത് പുതിയ കാഴ്ചകളാകും. വേദനകളല്ല, സാധ്യതകളാണ് മുന്നിലുണ്ടായിരുന്നതെന്ന സത്യം അപ്പോഴാകും തിരിച്ചറിയാനാവുക. ഈ ജനക്കൂട്ടം കാഴ്ചമറയ്ക്കുകയാണ് ചെയ്യുന്നതെന്നും കാണാന്‍പറ്റും.
ആദ്യം പറഞ്ഞപോലെ, ഒറ്റപ്പെടലിനു എന്ത് സുഖം ആണെന്ന് അറിയോ! മനസമാധാനത്തിന്റെ വിലയുണ്ടതിന്. ആന്റണ്‍ ചെഖോവ് കണ്ടെത്തിയ അഭിഭാഷകനെ പോലെ ...
Comments