ഓട്ടോ ചേട്ടന്‍
എന്തു ചെയ്യാനെന്നു പറ, കൈയില്‍ അഞ്ചു പൈസ ഇല്ലാഞ്ഞിട്ടാണ് വല്ലവന്റെയും കൈയില്‍നിന്ന് ഒരു ബീഡി ഇരന്നുവാങ്ങിവലിച്ചത്. അപ്പോള്‍ ദാ മുന്നില്‍വന്നു നില്‍ക്കുന്നു രണ്ട് കാക്കി ധാരികള്‍. പിഴയടക്കണമത്രേ, പിഴ. എവിടുന്നിട്ടെടുത്ത് അടയ്ക്കാന്‍. രാവിലെ കൈയിലുണ്ടായിരുന്നതത്രയും പിടിച്ചുപറിച്ചിട്ടാണ് വീണ്ടും പിഴിയാന്‍ വന്നുനില്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും യൂണിഫോമിന്റെ നിറമെങ്കിലും ഒന്നാണെന്ന് ഓര്‍ക്കണ്ടേ. ഒരു കാക്കിക്കാരന് മറ്റൊരു കാക്കിക്കാരനെ കണ്ടുകൂടെന്നു വന്നാല്‍.... പണ്ടാരോ പറഞ്ഞപോലെ, മൊത്തം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...ഓട്ടോക്കാരന്‍ ചന്ദ്രന് അരിശം അടങ്ങുന്നില്ല. അല്ല, അതിന് ചന്ദ്രന്‍ചേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരമൊരു അവസ്ഥയില്‍ വന്നുപെട്ടുപോയാല്‍ ആരായാലും അത്മരോഷംകൊണ്ടുപോകും. എന്നിട്ടും അസഭ്യ വാക്കുകള്‍ ഉപയോഗിക്കാത്തത് ചന്ദ്രേട്ടന്റെ സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്. മാന്യമായി ഓട്ടോ ഓടിച്ച് ഒരു കൊച്ചുകുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. ഓട്ടോ ഓടിക്കല്‍ എപ്പോഴുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞുള്ള സമയങ്ങളില്‍ മാത്രം. ഭരണപക്ഷത്തെ ഒരു പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ നേതാവാണ് എന്നുപറഞ്ഞാല്‍ ചന്ദ്രേട്ടന്‍ തല്ലും. അനുഭാവി എന്നുപറഞ്ഞാലും തല്ലുറപ്പ്. അതുകൊണ്ട് സജീവപ്രവര്‍ത്തകന്‍ എന്നുവിളിക്കാം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ രണ്ടിനും ഇടയിലുള്ള വെള്ളംകോരികള്‍. പക്ഷേ അങ്ങനെ പറഞ്ഞാലും ചന്ദ്രേട്ടന്റെ കൈയില്‍നിന്നും അടി ഉറപ്പാണ്. കാരണം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം പുണ്യകര്‍മ്മമാണ്. അങ്ങനെയിരിക്കെയാണ് കഴിഞ്ഞദിവസം രാവിലെ ഓട്ടോയുമായി ചന്ദ്രേട്ടന്‍ പുറത്തിറങ്ങിയത്. മാനത്ത് കാര്‍മേഘം മൂടിയപ്പോള്‍ നല്ലൊരുകൊയ്തുകണ്ട് ചേച്ചിയാണ് ചേട്ടനെ ഓട്ടംപോകാന്‍ തള്ളിവിട്ടത്. 100 രൂപ പെട്രോള്‍ അടിക്കാനും നല്‍കി. ഓട്ടോയുമായി നഗരാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍തന്നെ കാക്കിഷര്‍ട്ടിട്ടയാളുടെ നീട്ടിപ്പിടിച്ച കൈ ചേട്ടന്‍ കണ്ടു. ഓട്ടത്തിനാകും എന്നുകരുതി നിര്‍ത്തിയപ്പോഴാണ് അറിയുന്നത് അത് ഓട്ടോകളെ വിഴുങ്ങാന്‍ നില്‍ക്കുന്ന സ്ക്വാഡ് ആണെന്ന്. എട് പെര്‍മിറ്റ്, ലൈസന്‍സ്, ആര്‍ സി ബുക്ക്, .... വണ്ടി നിര്‍ത്തുംമുമ്പുതന്നെ പോലീസുകാര്‍ ആക്രമണം തുടങ്ങി. മഴയത്ത് പരിശോധന ഉണ്ടാവില്ലെന്നു കരുതി ഒന്നും എടുക്കാതെയാണ് ചേട്ടന്‍ ഓട്ടോയെടുത്തത്. കുറച്ചു സമയം നല്‍കിയാല്‍ എല്ലാം കൊണ്ടുവരാമെന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ക്ക് പരിഹസമായി. പിഴ അടച്ചേതീരുവുവെന്ന കടുംപിടിത്തത്തിലോട്ട് അവര്‍ വഴിമാറി. ഒടുവില്‍ ആകെയുണ്ടായിരുന്ന 100 രൂപ അവര്‍ക്കുനല്‍കി രസീതുവാങ്ങാതെ ചന്ദ്രേട്ടന്‍ തടിയൂരി. ഈ ക്ഷീണം തീര്‍ക്കാനാണ് സ്റ്റാന്‍ഡില്‍ എത്തിയശേഷം കൂട്ടുകാരനില്‍നിന്നും ഒരു ബീഡിവാങ്ങി കത്തിച്ചത്. ബീഡി കത്തിച്ച് ഒരു പുക എടുത്തില്ല, ദാ വരുന്നു വീണ്ടും കാക്കികൈകള്‍. പിഴയടച്ചേപറ്റൂവെന്നായി അവര്‍. കൈയില്‍ അഞ്ചുപൈസയില്ലെന്ന് ചന്ദ്രേട്ടന്‍ നെഞ്ചുകീറി കാട്ടി. പക്ഷേ ചെമ്പരത്തിപൂവ് മാത്രം കാണാന്‍ ശീലിച്ച പോലീസുകാര്‍ക്ക് അധികമൊന്നും അറിയേണ്ടിയിരുന്നില്ല. പണമില്ലെങ്കില്‍ 200 രൂപ സ്റ്റേഷനില്‍ കൊണ്ട് അടച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച അവര്‍ ഒരു സൌജന്യം ചന്ദ്രേട്ടന് നല്‍കി. 100 രൂപ ഇപ്പോള്‍ നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്ന്. ഒടുവില്‍ കൂട്ടുകാരില്‍നിന്നും പിരിവെടുത്ത് ആ പ്രതിസന്ധിയേയും ചന്ദ്രേട്ടന്‍ തരണം ചെയ്തു. പക്ഷേ ഇപ്പോള്‍ പ്രശ്നം അതല്ല, തിരിച്ചു വീട്ടിലേക്ക് പോകണമെങ്കില്‍പോലും ഓട്ടോയില്‍ പെട്രോള്‍ അടിക്കണം. അതിന് ആരുതരും പൈസ. മനസിലെ മഥിക്കുന്ന ആ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ചന്ദ്രേട്ടന് ലഭിച്ചത് മറ്റൊരു ഉത്തരമായിരുന്നു... ഹെല്‍മറ്റ് വേട്ട നിര്‍ത്തലാക്കിയതോടെ പോലീസുകാര്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം.
Comments
pinne beedi veetil irunnu valichaal mathi...