നാല് കള്ള വോട്ടുകള്‍

'കനേ... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇരുവരെയും യാത്രയാക്കിയശേഷം രാമന്‍നായര്‍ പിന്നെയും ക്യൂവില്‍നിന്നു. മുന്നിലെത്തി വോട്ടേഴ്സ് സ്ളിപ് കാട്ടിയ രാമന്‍നായര്‍ക്ക് ആ വോട്ട് ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് പ്രിസൈഡിംഗ് ഓഫീസറില്‍നിന്നും ലഭിച്ചത്. ശ്യാംകുമാറും രാമന്‍നായരും ഇപ്പോള്‍ വോട്ട് ചെയ്ത് മടങ്ങിയതേയുള്ളുവെന്നുകൂടി ഓഫീസര്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ തന്റെയും മകനായോ? എന്ന കലാധരന്റെ വാക്കുകളുടെ പൊരുള്‍ നായര്‍ക്ക് പിടികിട്ടിയത്. എങ്കിലും വോട്ട് തന്റെ പാര്‍ട്ടിക്കുതന്നെയലേയെന്ന ആശ്വാസത്തോടെ പുറത്തിറങ്ങിയ നായര്‍ പിന്നീടാണ് ആ സത്യം അറിയുന്നത്. കലാധരനും മകനും പാര്‍ട്ടി മാറിയ കഥ.

-------- -------- --------

ഇത് മലപ്പുറം ജില്ല. കൃത്യമായി പറഞ്ഞാല്‍ പഴയ മഞ്ചേരി ലോക്സഭാമണ്ഡലം. രണ്ട് യുവാക്കള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കത്തിലാണ്. നാളെ താന്‍ കള്ളവോട്ട് ചെയ്യുമെന്ന് ഒരാള്‍. എന്തുവന്നാലും അനുവദിക്കില്ലെന്ന് മറുപാര്‍ട്ടിയുടെ ഇലക്ഷന്‍ ഏജന്റ് കൂടിയായ രണ്ടാമന്‍. എങ്കില്‍ നീ ഇരിക്കുന്ന ബൂത്തില്‍തന്നെ ചെയ്തുകാണിക്കാമെന്ന് ആദ്യത്തെയാള്‍. പന്തയം ഒടുവില്‍ ഒരു ഷിവാസ് റീഗലില്‍ എത്തിനിന്നു. പോളിംഗ് ദിവസം രാവിലെ തന്നെ ഏജന്റ് സ്റ്റേഷനില്‍ എത്തി. സുഹൃത്തിന്റെ കള്ളവോട്ട് തടയലായിരുന്നു ഏക ലക്ഷ്യം. സമയം ഇഴഞ്ഞുനീങ്ങിയിട്ടും സുഹൃത്തിനെ കാണാതായതോടെ ഏജന്റിന് സന്തോഷമായി. ഏകദേശം നാല് മണി ആയിക്കാണും അപ്പോള്‍. കുറച്ച് മുസ്ളീം വനിതകള്‍ പര്‍ദയണിഞ്ഞ്, കൈയിലും കാലിലും മൈലാഞ്ഞിയുമൊക്കെയിട്ട് ബൂത്തിലെത്തി. എല്ലാവരും വോട്ട് ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു യുവതി ഏജന്റിനോട് ഒന്നു പുറത്തേക്കു വരാമോയെന്ന് അഭ്യര്‍ത്ഥിച്ചു.ഇത് സുഹൃത്തിന്റെ പണിയാണെന്ന് മനസിലാക്കാന്‍ ഏജന്റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തന്നെ ബൂത്തില്‍നിന്നും അകറ്റിനിര്‍ത്തിയിട്ട് കള്ളവോട്ട് ചെയ്യാന്‍ വേണ്ടി സുഹൃത്ത് ഈ യുവതിയെ ചട്ടംകെട്ടിയതാണെന്ന് മനസിലാക്കിയ ഏജന്റ് ആദ്യം ചെയ്തത് ബൂത്തിന് പുറത്ത് സുഹൃത്ത് ഇല്ലെന്ന് ഉറപ്പാക്കലായിരുന്നു. ശേഷം സ്കൂള്‍ ഗെയ്റ്റിന് സമീപം നിന്ന പര്‍ദ്ദ ധാരിണികള്‍ക്ക് സമീപത്തേക്ക് അയാള്‍ നടന്നു. അടുത്തുചെന്നതും യുവതി പറഞ്ഞു, 'ഷിറാസേ... ഷീവാസ് റീഗല്‍ ഇന്നുതന്നെ കിട്ടണം'.ഉയര്‍ന്നുപൊങ്ങിയ ആ ശബ്ദം തിരിച്ചറിയാന്‍ ഏജന്റിന് അധികസമയം വേണ്ടിവന്നില്ല. തന്റെ എതിരാളിയാണ് യാഥാര്‍ത്ഥത്തില്‍ ആ പര്‍ദയ്ക്കുള്ളിലെന്നു മാത്രമല്ല, ആ വന്ന 10 യുവതികളും വ്യാജന്‍മാരാണെന്ന് അയാള്‍ മനസിലാക്കിയപ്പോഴേക്കും യുവതികളുമായി വന്ന ക്വാളിസ് കാറുകള്‍ ബൂത്തിന്റെ 100 വാര അകലെ എത്തിയിരുന്നു.

-------- -------- ----------

ഇത് കണ്ണൂര്‍. കണ്ണൂര്‍ ഡി സി സി ഓഫീസിന് തൊട്ടടുത്തുള്ള ബൂത്ത്. രാവിലെ ഏഴിന് തന്നെ 15 ഖദര്‍ധാരികള്‍ വോട്ട് ചെയ്യാന്‍ എത്തി. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ 15 വോട്ടാണുള്ളത്. അവരാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇവരെ കണ്ടയുടനെ സി പി എം ഏജന്റ് എതിര്‍ത്തു. ഇത് കള്ളവോട്ടാണെന്ന് ഏജന്റ് വാദിച്ചതോടെ ബൂത്തില്‍ പൊരിഞ്ഞ തര്‍ക്കമായി.ശരിയായിട്ടുള്ളവരാണ് തങ്ങളെന്ന് വോട്ടര്‍മാരും ബൂത്തിലെ യു ഡി എഫ് ഏജന്റായിരുന്ന മുസ്ളീം ലീഗുകാരനും വാദിച്ചു. ഒടുവില്‍ സി പി എം ഏജന്റിന് വഴങ്ങേണ്ടിവന്നു. അങ്ങനെ 15 ഖദര്‍ധാരികളും വോട്ടുചെയ്തുമടങ്ങി. ഏകദേശം 11 മണിയോടെ അടുത്ത 15 ഖദര്‍ധാരികള്‍ വോട്ട് ചെയ്യാന്‍ എത്തി. ഡി സി സി ഓഫീസിലെ യാഥര്‍ത്ഥ വോട്ടര്‍മാരായിരുന്നു അവര്‍. പറഞ്ഞിട്ടെന്തുകാര്യം. അവരെ ആദ്യം എതിര്‍ത്തത് യു ഡി എഫ് ഏജന്റായിരുന്നു. വാക്കുതര്‍ക്കം ഏറെ നടത്തിയെങ്കിലും വേട്ട് ചലഞ്ചുചെയ്യാന്‍പോലും അവര്‍ക്ക് അവസരം ലഭിച്ചില്ല. മുന്‍ജന്മ സുഹൃതം എന്നല്ലതെ എന്തുപറയാന്‍, ഇല്ലെങ്കില്‍ കള്ളവോട്ടിന് ശ്രമിച്ചുവെന്നപേരില്‍ 15 ഉം അകത്താനേ... പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കരുണതോന്നിയത് ഭാഗ്യം.

-------- ---------- ----------

ഇത് തിരുവിതാംകൂര്‍ം, അങ്ങനെ പറഞ്ാല്‍ പോര.. സാക്ഷാല്‍ തിരന്തോരം. തന്റെ നാട്ടിലെ ഏക കോണ്‍ഗ്രസുകാരനാണ് അനി. 18 വയസില്‍ വോട്ടവകാശം നേടിയ അനിക്ക് പക്ഷേ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതുവരെ തന്റെ വോട്ട് ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. എല്ലാതവണയും അനി ബൂത്തിലെത്തും. പക്ഷേ അപ്പോഴേക്കും ആ വോട്ട് മറ്റാരെങ്കിലും ചെയ്തിരിക്കും. പിന്നെ ചലഞ്ച് ചെയ്യുമെങ്കിലും അങ്ങനെയുള്ള വോട്ട് പരിഗണിക്കപ്പെടേണ്ട സാഹചര്യം അനന്തപത്മനാഭന്റെ നാട്ടില്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുവന്നാലും തന്റെ വോട്ട് ചെയ്യണമെന്ന് അനി തീരുമാനിച്ചു. ഇത്തവണ തന്റെ വോട്ടുചെയ്യാന്‍ വേറാരെയും അനുവദിക്കില്ലെന്ന് മറുപാര്‍ട്ടിക്കാരായ സുഹൃത്തുക്കളെയൊക്കെ വെല്ലുളിച്ചു. പോളിംഗ് ദിവസംരാവിലെ ആറിന് തന്നെ അനി ബൂത്തിന് മുന്നിലെത്തി. മറ്റൊരു എട്ടുപേര്‍ക്കൂടി അപ്പോള്‍തന്നെ ബൂത്തിന് മുന്നിലുണ്ട്. പരിചയക്കാര്‍ ആരുംഅതിലില്ല. തന്നെപ്പോലെയുള്ളവര്‍ ആകും അവരെന്നും അനി ഊഹിച്ചു. സമയം ഏഴ് ആയതോടെ വോട്ടിംഗ് തുടങ്ങി. ഒന്‍പതാമനായി പ്രിസൈഡിംഗ് ഓഫീസറുടെ മുന്നിലെത്തിയ അനി ഞെട്ടി. ആദ്യവോട്ടുതന്നെ തന്റെ അപരനാണ് ചെയ്തതെന്ന് അറിഞ്ഞ അനി ഇത്തവണ വെളുപ്പിന് അഞ്ചിനു തന്നെ ബൂത്തിന് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഒരു കന്നിവോട്ട് ചെയ്യാനുള്ള ആഗ്രഹം. ഇതും അമിതാഗ്രഹമാകുമോയെന്ന് കണ്ടുതന്നെ അറിയണം.

Comments

ente rechana said…
njan nigeriayil ayathu karanam ente ottu aranavo chyukaa !!!!! yidathu pakshathinte oru ottu yikollam nashttamayi.
ivide orennam unt...
http://dreamscheleri.blogspot.com/2009/04/blog-post_03.html
താങ്കളുടെ ഈ പോസ്‌റ്റ്‌ കോഴിക്കോട്ട്‌ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന തൂലിക മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യം. ഉടന്‍ പ്രതികരിക്കുമല്ലോ.

shareefsagar@gmail.com
Unknown said…
eni gulfil aarum pokaruthe

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്