ഇക്കിക്കി ബാങ്കിന്റെ തമാശകള്‍

സുരേന്ദ്രന്‍ ആകെ ഞെട്ടിത്തെറിച്ചിരിക്കുകയാണ്‌! എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയില്‍. കരയണോ ചിരിക്കണോ എന്നുപോലും അറിയാതെ, ആകെ വിമ്മിഷ്ടനായുള്ള ആ ഇരിപ്പുകണ്ടാല്‍ ആരും ഭയന്നുപോകും.
സംഭവം വളരെ നിസാരമെന്ന്‌ കാര്യംകേട്ടാല്‍ നമുക്കുതോന്നും. പക്ഷേ, സുരേന്ദ്രന്‌ അങ്ങനെയല്ല. ഒക്കെ ഓരോ വിധി....
കാര്യം ഇത്രയേയുള്ളൂ, ആരോഗ്യരക്ഷയെക്കുറിച്ച്‌ മലയാളികള്‍ കുടുതല്‍ ആശങ്കാകുലരാകുന്ന കാലമാണല്ലോ ഇത്‌. സുരേന്ദ്രനും അത്തരത്തിലൊന്നു ചിന്തിച്ചുപോയി. ആശുപത്രി ചെലവുകളൊക്കെ മനുഷ്യന്‌ താങ്ങാനാവാത്തവിധം ഉയരുകയല്ലെ! കാലേക്കൂട്ടി ഒരു പോളിസി എടുത്തുവച്ചാല്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ?
ഈവിധചിന്തകള്‍ മനസിനെ മഥിക്കുമ്പോഴാണ്‌ ദൈവദൂതരെപോലെ അവര്‍ എത്തുന്നത്‌. സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കിക്കി ബാങ്കുകാര്‍. ഞെട്ടണ്ട, ആംഗലേയത്തിലെ ചുരുക്കപ്പേരിനെ സുരേന്ദ്രന്‍ മലയാളീകരിച്ചെന്നേയുള്ളൂ. ഇക്കിക്കി ബാങ്കുകാര്‍ അവരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ ലഘുരേഖയുമായാണ്‌ സുരേന്ദ്രനെ സമീപിച്ചത്‌. വര്‍ഷാവര്‍ഷം അഞ്ച്‌ അക്കത്തിനടുത്തുവരുന്ന ഒരു `ചെറിയതുക' പ്രീമിയം ആയി അടച്ച്‌ കുടുംബത്തിന്റെ ചികിത്സാ ചലവുകള്‍ സൃഷ്ടിക്കുന്ന തലവേദനയില്‍നിന്നും രക്ഷപ്പെടാനൊരവസരം. പദ്ധതിയുടെ വര്‍ണനകേട്ട സുരേന്ദ്രന്‍ പിന്നീട്‌ ഒന്നും ആലോചിച്ചില്ല.
ആറുമാസം ഒരു കുഴപ്പവുമില്ലാതെ കടന്നുപോയി. അപ്പോഴാണ്‌ ആരോടും ചോദിക്കാതെയും പറയാതെയും അവന്‍ കടന്നുവന്നത്‌. ഒരു ചെറിയ ചെഞ്ചുവേദന. ആദ്യം കാര്യമാക്കിയില്ല. ഒടുവില്‍ കളി കാര്യമായപ്പോള്‍ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലായി സുരേന്ദ്രന്‍. ഏതായാലും ജീവിതം ഇന്‍ഷ്വര്‍ ചെയ്‌തിട്ടുണ്ടല്ലോ! ആശുപത്രി ചെലവുകളെക്കറിച്ച്‌ സുേരന്ദ്രന്റെ വീട്ടുകാരും ഭയചികിതരായില്ല.
എല്ലാം കഴിഞ്ഞ്‌ ക്ലൈമുമായി ചെന്നപ്പോഴാണ്‌ ഇക്കിക്കിക്കാരുടെ തനിനിറം സുരേന്ദ്രന്‍ കണ്ടത്‌. ഓരോരോ കാരണങ്ങള്‍ പറഞ്ഞ്‌ അവര്‍ ബില്ല്‌ പാസാക്കാതെയായി. അവര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ എത്തിച്ചുകൊടുത്തു. എന്നിട്ടും സുരേന്ദ്രന്റെ നടത്തത്തിന്‌ മാത്രം കറവുണ്ടായില്ല. ഒക്കെ കഴിഞ്ഞ്‌ അവസാനം അവര്‍ ആവശ്യപ്പെട്ട രേഖ കേട്ടപ്പോള്‍ സുരേന്ദ്രന്റെ ബോധം വീണ്ടും മറഞ്ഞു. അടുത്തിടെയുണ്ടായ നെഞ്ചുവേദനയ്‌ക്ക്‌ മുമ്പ്‌ ചികിത്സിച്ചതിന്റെ രേഖകള്‍കൂടി വേണമെന്നേ ഇക്കിക്കി ബാങ്കുകാര്‍ പറഞ്ഞുള്ളൂ. അതിന്‌ േബാധംപോകേണ്ട ആവശ്യമൊന്നുമില്ലെന്നും അവര്‍ തീര്‍ത്തുപറഞ്ഞുകളഞ്ഞു.
രോഗം വരുംമുമ്പേ അതിന്‌ ചികിത്സിക്കുന്ന വിദ്യയെക്കുറിച്ച്‌ അറിവില്ലാത്ത സുരേന്ദ്രന്‍ ഒടുവില്‍ സ്വബോധത്തോടെ ചോദിച്ചു, ബോധമുള്ള ആരെങ്കിലും ഇവരുടെ കെണിയില്‍ തലവച്ചുകൊടുക്കുമോ...?

Comments

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്