കടലോളം തിര'യോളം'

ആകാശ നീലിമയോളം പരന്നുകിടക്കുന്ന കടല്‍, തിരമാലകളുടെയും കരയിലേക്ക് വീശുന്ന കാറ്റിന്റെയും മര്‍മ്മരം, കരയില്‍നിന്നും വീക്ഷിക്കുമ്പോള്‍ ദൃശ്യമാകുന്ന ആകാശത്തിന്റെയും കടലിന്റെയും സംഗമവേദിയിലൂടെ മുങ്ങാംകുഴിയിടുന്ന സൂര്യന്‍, കാല്‍പാദങ്ങളെ തഴുകുന്ന തിരമാലകള്‍... യാതൊരാളുടെയും ഒരു ദിവസത്തെ സായംസന്ധ്യ സമ്പൂര്‍ണമാകാന്‍ ഇതുതന്നെ ധാരാളം. നിഗൂഡതകള്‍ ഏറെ ഒളിപ്പിച്ചുവച്ചിട്ടുണ്ട് കടല്‍ തന്റെ മടിത്തട്ടില്ലെന്നാണ് പറയുന്നത്. അത്രത്തോളം രഹസ്യം കടല്‍ പരപ്പിലും ഒളിഞ്ഞുകിടപ്പുണ്ടെന്നതാണ് മറ്റൊരു സത്യം. പ്രത്യേകിച്ച് കടല്‍തിരകളില്‍. പറയുവാനാണെങ്കില്‍ കടലോളംതന്നെയുണ്ടാവും കടല്‍ തിരകളെ കുറിച്ചും. ശാസ്ത്രീയമായി പറഞ്ഞാല്‍ കാറ്റുമൂലമോ, ഭൂകമ്പംമൂലമോ ജലാശയങ്ങളുടെ ഉപരിതലത്തിലുണ്ടാകുന്ന ജലതരംഗമാണ് തിര. ഒരു മാലയില്‍ കോര്‍ത്തിണക്കിയപോലെ ഒന്നിനുപുറകേ ഒന്നായി വരുന്നതിനാല്‍ തിരമാലയെന്നും വിളിക്കാം. ജലപ്പരപ്പിന്റെ പ്രതല വിസ്തീര്‍ണവും വായുപ്രവാഹത്തിന്റെ സ്വാധീനവുമാണ് തിരകളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. എണ്ണം, നീളം, ഉയരം, ശക്തി എന്നിവയെല്ലാം ഇതിനെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, ഭൂപ്രകൃതി, സമുദ്രജല പ്രവാഹങ്ങള്‍, സുനാമി, ഭ...